ഡയറിക്കുറിപ്പുകള്‍

 ഒരു വീട്ടിലല്ല ജനിച്ചതെങ്കിലും സ്വന്തം അനുജത്തിയെപ്പൊലെ തന്നെയാണ്‌ അവളെ കണ്ടിരുന്നത്. ആദ്യത്തെ ശമ്പളം കിട്ടിയപ്പോള്‍ ഒരു പാര്‍ക്കെര്‍ പെന്‍ അവള്‍ക്ക് കൊടുത്തതും അതുകൊണ്ടുതന്നെയായിരുന്നു. ചെറുപ്പത്തില്‍ അമ്മയുടെ കണ്ണു വെട്ടിച്ച് അവള്‍ ഓടിയെത്തി എന്റെ അലമാരകളും ഞാന്‍ പ്രത്യേകം സൂക്ഷിച്ചുവച്ചിരുന്ന ഉണങ്ങിയ പുഷ്പങ്ങളൂം അലങ്കോലമാക്കി. ഞങ്ങള്‍ തമ്മില്‍ എത്ര വര്‍ഷങളുടെ അകലമാണെന്ന്‌ എനിക്കിന്നും അറിയില്ല. പിണങ്ങാന്‍ അവള്‍ക്ക് എപ്പോഴും ഇഷ്ടമായിരുന്നു. ചെറിയൊരു കാര്യം മതി, ദിവസങ്ങളോളം മൗനിയാവാനും,  ഒരിക്കലും കണ്ടിട്ടില്ലാത്ത മട്ടില്‍ മുഖം തിരിച്ചു പോകാനും.  പിന്നിട് തിരിച്ചു വരുമ്പോള്‍ ക്ഷമാപണങ്ങളുടെ ഔപചാരികതകളില്ലാതെ നേരെ മുറിയില്‍ വന്നു ഏതെങ്കിലും പുസ്തകം എടുത്തു വായിച്ചു കൊണ്ടിരിക്കും.
 
തങ്കം എന്ന ഓമനപ്പേരിലാണ്‌ ഞാന്‍ പലപ്പൊഴും അവളെ വിളിച്ചിരുന്നത്. ദേഷ്യം വന്നാല്‍ പിന്നെ അവള്‍ക്ക് കണ്ണുകാണില്ല. വായില്‍ തോന്നിയതൊക്കെ വിളിച്ചുപറയും..ഇടിവെട്ടുന്നപോലെയുള്ള ‘ഡീ’  വിളികള്‍ കൊണ്ട് വീട് നടുങ്ങിത്തെറിക്കും. എന്റെ അമ്മയ്ക്കും അവള്‍ സ്വന്തം കുഞ്ഞിനെപ്പോലെയായിരുന്നു. എനിയ്ക്ക് പുത്തനുടുപ്പുകള്‍ വാങ്ങുമ്പോള്‍ അവള്‍‍ക്കും കൂടി വാങ്ങിക്കാന്‍ അമ്മ പ്രത്യേകം ഓര്‍ത്തുവച്ചിരുന്നു. അച്ഛനെ അവള്‍ക്ക് ലേശം ഭയമായിരുന്നു എന്നാണ്‌ തോന്നുന്നത്. അച്ഛന്‍ വീട്ടിലുണ്ടെങ്കില്‍ ഒച്ചകുറച്ചാണ്‌ ഞങ്ങള്‍ സംസാരിച്ചിരുന്നത് തന്നെ. അച്ഛനെ എനിയ്ക്കും ഭയമായിരുന്നല്ലൊ.
കോളജില്‍ ചേര്‍ന്ന് കഴിഞ്ഞ് ഹോസ്റ്റലില്‍ താമസമാക്കിയതോടെ അവളെ കാണുന്നത് വല്ലപ്പോഴുമായി.
എങ്കിലും അദൃശ്യമായ ഒരു ബന്ധത്തിന്റെ നൂല്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ജോലികിട്ടി മറുനാട്ടിലേക്ക് സ്വയം പറിച്ചു നടേണ്ടിവന്നെങ്കിലും  മെയിലുകളിലൂടെ ഇന്നും ഉടയാത്ത ഒരു ബന്ധം കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്.ഈയിടെയായി അവള്‍ എപ്പോഴും തിരക്കിലാണ്‌. വഴക്കുകള്‍ക്കും പഴയപോലെ ശക്തിയില്ല. എങ്കിലും കഴിഞ്ഞ ദിവസം കടല്‍ക്കരയില്‍ വെറുതെ കൂട്ടുകാരികളൊടൊപ്പം ഇരുന്നപ്പോള്‍ ഒരു മിന്നായം പോലെ ദൂരെ ഒരു പെണ്‍‌കുട്ടി കടന്നുപോയി. അതവള്‍ ആയിരിക്കുമെന്നു വെറുതെ തോന്നി. .  എന്തോ.. ആ സമയത്ത് മനസ്സില്‍ അങ്ങനെയാണ്‌ തോന്നിയത്.

വൈകിട്ട് ഫോണ്‍ വിളിച്ച് നീ ബീച്ചില്‍ വന്നിരുന്നോ എന്നു ചോദിച്ചത് അവള്‍ക്കിഷ്ടപ്പെട്ടില്ല. അവള്‍ അല്ലെന്നറിഞ്ഞുകൊണ്ടുതന്നെയായിരുന്നു അങ്ങനെ ചോദിച്ചത്. പുതിയ വഴക്കിന്റെ ആഴ്ച ഇവിടെ തുടങ്ങി.

എങ്കിലും അവള്‍ എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട അനുജത്തി തന്നെയാണ്‌. 

Advertisements

One Response to “ഡയറിക്കുറിപ്പുകള്‍”

  1. ഡാലി Says:

    വഴക്കുകള്‍ ഉണ്ടെങ്കിലല്ലേ സ്നേഹം ശരിക്കും ആസ്വദിക്കാവുക. നല്ലൊരു അടി കഴിഞ്ഞുള്ള കൂട്ടുകൂടല്‍ എന്ത് രസാ.
    സ്വാഗതം ചിലമ്പേ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: