Archive for September, 2007

പുരാവൃത്തം.

Posted in കവിത on September 29, 2007 by chilamp

പതിനെട്ടുകാരി വധു,
വിവാഹവസ്ത്രത്തിന്റെ പളപളപ്പില്‍
സര്‍‌വ്വാഭരണ വിഭൂഷിതയായി
തങ്കവിഗ്രഹ സമം,
മന്ദമന്ദം നടക്കുകയാണ്‌..

ചെറിയൊരു കാറ്റിന്റെ കുസൃതി
അലുക്കുകളിട്ട മുഖപടമുയര്‍ത്തി
കണ്ണാടിക്കവിളില്‍ മുത്തമിടാനാഞ്ഞു.
പിന്നെ ഭയന്നു പിന്‍‌വാങ്ങി..
പേടിച്ചു വിറങ്ങലിച്ച്
കണ്ണീരുണങ്ങി, കോടിയമുഖം.

ജനക്കൂട്ടം അവളെയും കാത്തുനില്‍ക്കുകയാണ്‌
അക്ഷമയോടെ,
ക്രൂരമായ മൗനത്തോടെ,
കണ്ണുകളില്‍ തിരയടിക്കുന്ന ആവേശത്തോടെ.
അവളുടെ
ഭര്‍ത്താവിന്റെ ചിതയ്ക്കരികില്‍.

ആരോ നിര്‍ബന്ധിച്ചൊഴിച്ച
ഭാംഗിന്റെ ലഹരി
ഭയം ഒട്ടൊന്നു കുറച്ചുവോ? അറിയില്ല..
മൗനം മുറിച്ച് ജനക്കൂട്ടം ആര്‍ക്കുകയാണ്‌
സതി മാതാ! സതി മാതാ!
ആളുന്ന തീയില്‍ ജീവനോടെ
എരിഞ്ഞമരും മുന്‍പ്
അവസാനത്തെ നോട്ടത്തില്‍
അവള്‍ കേണുവിളിച്ചു..
ഒരു ദൈവവും വന്നില്ല.
ജനം വീണ്ടും ആര്‍ക്കുകയായിരുന്നു
സതി മാതാ! സതി മാതാ!

1987 സെപ്റ്റംബര്‍, മറക്കാനാവില്ല
ഹൃദയത്തില്‍ അല്പം കരുണയുള്ള ആര്‍ക്കും.

പ്രിയപ്പെട്ട രൂപ് കന്‍‌വാര്‍,
ഞങ്ങള്‍ക്ക് മാപ്പുതരിക.

Advertisements

നിശാശലഭം.

Posted in കവിത on September 28, 2007 by chilamp

നിശാനൃത്തശാലയില്‍
ഒരിയ്ക്കല്‍ക്കൂടി
മടുപ്പില്ലാതെ അതിഥികള്‍ ..
അരണ്ടവെട്ടത്തിന്റെ വളയങ്ങളില്‍
ഒരു ട്രപീസ് കളിക്കാരിയെപ്പോലെ
പഞ്ചാബിപ്പെണ്‍കൊടി.
താളം തെറ്റിയ ചുവടുകള്‍
ഇരുള്‍‌‍ച്ചീന്തില്‍  മറച്ചും
കരിഞ്ഞുണങ്ങിയ ചുണ്ടില്‍
വിലകുറഞ്ഞ ചായമിട്ടും,
കരള്‍ പുകച്ച വിലാപങ്ങളെ,
അടക്കിപ്പിടിച്ചും
ജസ്ബിന്ദര്‍ നൃത്തം ചെയ്യുകയാണ്..
ഇഴഞ്ഞുനീങ്ങുന്ന അനേകം കണ്ണുകള്‍ക്ക്
അവളുടെ മുഖം അറിയില്ല.
വിറയാര്‍ന്ന സ്വരത്തില്‍
ഗായകന്‍
മദ്യം മണക്കുന്ന
സിനിമാപ്പാട്ട് പാടുന്നു,
എരിയുന്ന സിഗററ്റ് ഭയന്ന്,
നഖങ്ങളുടെ മൂര്‍ച്ച ഭയന്ന്
ജസ്ബിന്ദര്‍ നൃത്തം ചെയ്യുകയാണ്..

ഗോതമ്പ് വിളഞ്ഞ വയലുകള്‍
ആ പാദസരം കിലുങ്ങുന്നത്
ഇപ്പോഴുമോര്‍ക്കുന്നു,
അവളുടെ ബാല്യം,കൗമാരം.

മടക്കമില്ലാത്തൊരു യാത്രയില്‍
നഗരത്തിലേക്ക് ചേക്കേറി,
യെവിടെയോ നഷ്ടമായവള്‍.
ഓര്‍മ്മകളെ കൊയ്തെടുത്ത്
മറവിയില്‍ കൊരുത്തവള്‍..
നിറമുള്ള ലായനിയില്‍
സ്വപ്നം പതയുമ്പോള്‍,
അറിയാതെ നെഞ്ച് പിടയ്ക്കുന്നുവോ?

ദൂരം.

Posted in കവിത, Uncategorized on September 27, 2007 by chilamp

ജനലടയ്ക്കുവാന്‍ സമയമായെന്ന്
നെഞ്ചിലെ തത്ത..
അടുത്തിരിയ്ക്കെത്തന്നെ
അകലമറിയുന്നതും,
മടുപ്പിന്റെ ചാരം
മൂടി മൂടി
വാക്കിന്റെ കനല്‍ കെടുന്നതും,
തമോമയമീ  വിചാരങ്ങളില്‍
വെറുപ്പിന്റെ
കനപ്പെട്ട കംബളം നിവരുന്നതും,
പ്രിയപ്പെട്ട പക്ഷീ
ഞാനുമറിയുന്നു.

നമുക്കിടയിലെ ശൈത്യം
ഇനിയൊരിയ്ക്കലും
ഉരുകുകയില്ല എന്ന്
ആവര്‍ത്തിച്ചു പാടുകയാണ്
സെപ്റ്റെംബറിന്റെ
കുയിലുകള്‍.
വ്യഥയില്‍
മൗനമാര്‍ന്ന കാറ്റ്
വേര്‍‍പാടുകളുടെ കഥകളോര്‍ത്ത്,
ഒരിലപോലുമനക്കാതെ
പതിയെ നടക്കുന്നു.

വഴികള്‍ പിരിയട്ടെ,
സമാന്തരങ്ങള്‍ പോലുമാകാതെ
എവിടെയെങ്കിലും മായട്ടെ..

പ്രൊവോക്ഡ്.

Posted in Uncategorized on September 25, 2007 by chilamp

ഭയമായിരുന്നു..
അടഞ്ഞ വാതിലിന്നുള്ളില്‍
ചുരുളും
ഇരുളിന്റെ ഘോര സര്‍പ്പങ്ങളെ,
തുകല്‍‌ച്ചീന്തുകളുടെ
സീല്‍ക്കാര വേഗങ്ങളെ,
സംശയപ്പുതപ്പിട്ട
സംസാരഗതികളെ,
ഇമയ്ക്ക് നേരെ നീളും
ഇസ്തിരിപ്പെട്ടിയെ,
അകത്തും പുറത്തും
പഴുത്തുപൊട്ടിയ മുറിവുകളെ,
കഴുത്തിലെപ്പൊഴും
അമര്‍‌ന്ന ഹസ്തങ്ങളെ,
കരഞ്ഞ കുഞ്ഞുങ്ങള്‍ക്കു
വിലക്കും സ്നേഹത്തെ.
ഒരിയ്ക്കലും തീരാത്ത
പണക്കണക്കുകളെ,
പത്തുവര്‍ഷം നീണ്ട
അടിമത്തം, യുദ്ധങ്ങളും.

ചികിത്സിക്കാത്ത മുറിപ്പാടുകള്‍
കാണെക്കാണെ മുഖംകുനിച്ച്
വിങ്ങിയ ഡോക്ടര്‍.

ഒടുവിലേതു രാവില്‍,
സഹനത്തിന്റെ
നെല്ലിപ്പലക തേഞ്ഞ്
മനസ്സു പുകഞ്ഞുണര്‍ന്നു?
തളര്‍ന്നുറങ്ങുന്ന ക്രൗര്യത്തെ
പെട്രോളില്‍ ചുട്ടെടുത്തു?

പകരം
ബ്രിട്ടീഷ് ജയിലിലെ
നിര്‍ഭയ രാത്രികള്‍
സ്നേഹത്തിന്റെ മുഖങ്ങള്‍.
ശാന്തമായ പകലുകള്‍.

‘പ്രൊവോക്ഡ്’
കറുത്ത കോട്ടിന്റെ
കൃത്യമായ നിഗമനം
നെല്ലിട പിഴയ്ക്കാത്ത
പ്രശസ്തമായ
വിധി..

പുറത്തെ സ്വാതന്ത്ര്യത്തിലേയ്ക്ക്,
പിന്നെ
പുതിയ ജീവിതത്തിലേയ്ക്കും.

(*കിരണ്‍‌ജീത് അലുവാലിയയെയും അവര്‍ക്കായി സംഘടിച്ച സഹോദരങ്ങളെയും ഒരിയ്ക്കലും മറക്കാതിരിയ്ക്കാം).
 

പരിണാമം.

Posted in Uncategorized on September 23, 2007 by chilamp

അമ്പലമുറ്റത്തെ,
വയസ്സന്‍ ആ‍ല്‍‌മരം
ഇലകളിളക്കി
പിറുപിറുത്തു
പെണ്ണുങ്ങള്‍ക്കിതെന്താണ്?
പരദൂഷണത്തിനു പകരം
രാഷ്ട്രീയ ചര്‍ച്ചയോ?
കരച്ചിലിനു പകരം
പൊട്ടിച്ചിരിയോ?
സീരിയലുകള്‍ക്കിടയ്ക്കും
പുസ്തകമെഴുത്തോ?
അടുക്കളയിലും
വിപ്ലവമോ?
വെട്ടിച്ചുട്ടാലും
കുരുത്തുവരുന്നെന്നോ?

അവര്‍
പുറപ്പെട്ടു കഴിഞ്ഞെന്ന്.

പകല്‍‌‍ച്ചൂടില്‍ ഉരുകാതെ,
ഇലച്ചാര്‍ത്തിലൊളിക്കാതെ
മിഴിവുറ്റ സൂര്യന്റെ
ജ്വലനം സാക്ഷിയായ്..

ശ്ശോ…
കേള്‍‌വിക്കാരില്ലെങ്കിലും
ആല്‍മരം
പിറുപിറുക്കുന്നു.
 

റോസ്മേരി പറയുന്നത്‌.

Posted in Uncategorized on September 21, 2007 by chilamp

സെപ്റ്റംബറിലെ മഴയുടെ കുളിരുള്ള ഒരു വൈകുന്നേരം, പെന്‍ ബുക്സിന്റെ ശാഖയിലേക്ക് വെറുതെ ഒന്ന് കയറിപ്പോയത് വെറുതെയായില്ല. ഇരു വശങ്ങളിലും അടുക്കുതെറ്റാതെയും പുതുമണം മാറാതെയുമിരുന്ന പുസ്തകങ്ങള്‍ക്കിടയില്‍ കടും ചുവപ്പിന്റെയും ഓറഞ്ച് നിറത്തിന്റെയും മിശ്രിതത്തില്‍ മനോഹരമായിരുന്ന ഒരു പുറംചട്ട ശ്രദ്ധയില്‍ പെട്ടു. എടുത്തു നോക്കുമ്പോള്‍ റോസ്മേരിയുടെ ‘വേനലില്‍ ഒരു പുഴ’. ഇരുപത്തിമൂന്നു കവിതകളുടെ സമാഹാരമായിരുന്നു ആ ചെറിയ പുസ്തകം. വളരെ സുതാര്യമായ കവിതകള്‍. കഠിനമായ പദപ്രയോഗങ്ങള്‍ നിറഞ്ഞ  കവിതകളില്‍ പലതിന്റെയും അര്‍ത്ഥം മനസ്സിലാകാത്ത, സാധാരണക്കാരനായ ഒരു വായനക്കാരന്‌ പൂര്‍‌ണമായും സംതൃപ്തി പകരുന്ന ഒരു കവിതാ ശൈലിയാണ്‌ റോസ്മേരിയ്ക്കുള്ളത്. ആമുഖത്തില്‍ പറയുന്നപോലെ “അതിരുകളില്ലാത്തതും അനന്തവുമായൊരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌ റോസ്മേരിയുടെ കവിതാപ്രപഞ്ചം.”

അതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കവിതയേത് എന്നൊരു ചോദ്യമുണ്ടായാല്‍ തീര്‍ച്ചയായും ‘ഈ രാവ് എന്ത് തന്നു’ എന്ന മറുപടിയാവും കൊടുക്കുക. ആ കവിത ഒരു സ്ത്രീയുടെ പരമമായ സ്വാതന്ത്ര്യത്തിന്റെ ശംഖനാദമുയര്‍ത്തുന്ന ഒന്നാണ്‌. തുടക്കം ഇങ്ങനെ ..

സ്ത്രീയേ!
ഈ രാവ്
നിനക്കെന്തു തന്നു?
ഉത്കടമായ സങ്കടത്തെ തന്നു
കടലോളം കണ്ണീര്‍ തന്നു..

മഹാസങ്കടത്തിന്റെ ഈ രാവ് നീയെങ്ങനെ തരണം ചെയ്യും എന്ന് കവി ചോദിക്കുന്നു. മാത്രമല്ല, ഉറക്ക ഗുളികയുടെ കരിമ്പടത്തിനടിയില്‍ ഒരു തുലഞ്ഞ നിദ്രയിലേക്ക് കൂപ്പുകുത്തുവാനാണോ അല്ലെങ്കില്‍ മാര്‍ട്ടിനിയുടെ ചുവന്ന സമുദ്രത്തില്‍ സങ്കടത്തെ മുക്കിക്കൊന്ന് ഓര്‍മകളേതുമില്ലാത്ത ഒരുറക്കത്തിലേയ്ക്ക് ഒളിച്ചുപോകുവാനാണോ ഇഷ്ടമെന്ന് വേവലാതിപ്പെടുന്നു. 

സ്ഫടികക്കോപ്പയില്‍ പകര്‍ന്നെടുത്ത കയ്പുനിറഞ്ഞ സങ്കടം നുണഞ്ഞ് അത് സിരകളില്‍ പടര്‍ത്തി സ്ത്രീ ഉറക്കത്തിലേക്ക് വഴുതിവീഴുന്നു. ഒടുവില്‍ ചോരത്തുള്ളികള്‍ ഇറ്റുവീഴുന്ന ഒരു രാവിനുശേഷം അവള്‍ ഉറക്കമുണരുന്നത് സ്വയം പ്രഖ്യാപിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഒരു പുലര്‍ച്ചയിലേക്കാണ്‌. തടവറകളെല്ലാം ഭേദിച്ച സ്ത്രീ സൂര്യനഭിമുഖമായി നടന്നു പോകുന്നു. കണ്ണുകള്‍ നക്ഷത്രങ്ങള്‍, മുടിയിഴകളില്‍ അഗ്നിസ്ഫുലിംഗങ്ങള്‍. കത്തുന്ന കനലിനു മീതെ നടക്കുന്ന അവള്‍ക്ക് പുരുഷാരം വഴിയൊരുക്കുകയാണ്‌. തലയുയര്‍ത്തിപ്പിടിച്ച് ഭൂമിയുടെ മറ്റേയറ്റത്തേക്ക്, ചക്രവാളത്തിനുമപ്പുറത്തേയ്ക്ക് ഒറ്റയ്ക്ക് അവള്‍ നടക്കുകയാണ്‌.

രണ്ടായിരത്തി രണ്ടാമാണ്ടില്‍ പ്രസിദ്ധീകരിച്ച ഈ കവിതയ്ക്ക് ഇന്നിന്റെ ചിന്തകളിലും തീര്‍ച്ചയായും സ്ഥാനമുണ്ട്. എല്ലാവിധ കഷ്ടതകളില്‍നിന്നും സങ്കടങ്ങളില്‍ നിന്നും സ്ത്രീ മുക്തയാകണമെന്ന് കവിയെപ്പോലെ വായനക്കാരും  ആഗ്രഹിച്ചുപോകുന്നു. അതിനുള്ള ഉള്‍ക്കരുത്ത് സ്ത്രീയ്ക്ക് ലഭിക്കട്ടെ.

സഹോദരിയ്ക്ക്.

Posted in Uncategorized on September 18, 2007 by chilamp

ചോരപ്പാടുവീണ
തിരുവസ്ത്രത്തിന്റെ തടവില്‍ നിന്നും,
സ്വര്‍ഗത്തിന്റെ പടിചവിട്ടിയ
മാലാഖക്കുഞ്ഞിന്‌..

മുറിയാത്ത മൗനവ്രതങ്ങളും,
എണ്ണമറ്റ കുര്‍ബാനകളും
മരണത്തിന്റെ വെയില്‍‌ച്ചൂടില്‍
നിനക്കായൊരു
തണല്‍ തരാതെപോയതും

പിശാചിന്റെ ഗര്‍ജ്ജനങ്ങളീല്‍
ഭയന്ന്, നിന്റെ
കണ്ഠനാളത്തില്‍‌ പിടഞ്ഞുയര്‍ന്ന
നേര്‍ത്ത കിളിയൊച്ചകള്‍
അരമനകളിലെത്തും‌മുന്‍പേ
തളര്‍ന്നൊതുങ്ങിയതും

ഇരുളിലൊരു കിണറിന്റെ,
തണുത്ത ഗര്‍ഭാശയത്തില്‍,
ചേതനയടരാനൊരുങ്ങവേ
 നീ അലറിക്കരഞ്ഞതും
നിയമത്തിന്റെ തുലാസുകള്‍
അറിയാതെ പോയെന്നോ..

എന്റെ സഹോദരി..
കുരിശിലേറിയവന്റെ
മണവാട്ടിയുമായവളെ,
കപടസദാചാരത്തിന്റെ
കാവലാളുകള്‍ക്ക്
നിന്റെ സ്വപ്ങ്ങളും
ശുദ്ധിയും മനസ്സിലാകാതെപോയി.

ഈ ഹൃദയത്തിന്റെ
ഉള്ളറകളിലെന്നും
നീ നിറഞ്ഞുനില്‍ക്കട്ടെ..
മനസ്സ് മരവിക്കാത്തവര്‍
ഇനിയും, ഒന്നിച്ച്
നിനക്കായ് ശബ്ദമുയര്‍ത്തട്ടെ..