റോസ്മേരി പറയുന്നത്‌.

സെപ്റ്റംബറിലെ മഴയുടെ കുളിരുള്ള ഒരു വൈകുന്നേരം, പെന്‍ ബുക്സിന്റെ ശാഖയിലേക്ക് വെറുതെ ഒന്ന് കയറിപ്പോയത് വെറുതെയായില്ല. ഇരു വശങ്ങളിലും അടുക്കുതെറ്റാതെയും പുതുമണം മാറാതെയുമിരുന്ന പുസ്തകങ്ങള്‍ക്കിടയില്‍ കടും ചുവപ്പിന്റെയും ഓറഞ്ച് നിറത്തിന്റെയും മിശ്രിതത്തില്‍ മനോഹരമായിരുന്ന ഒരു പുറംചട്ട ശ്രദ്ധയില്‍ പെട്ടു. എടുത്തു നോക്കുമ്പോള്‍ റോസ്മേരിയുടെ ‘വേനലില്‍ ഒരു പുഴ’. ഇരുപത്തിമൂന്നു കവിതകളുടെ സമാഹാരമായിരുന്നു ആ ചെറിയ പുസ്തകം. വളരെ സുതാര്യമായ കവിതകള്‍. കഠിനമായ പദപ്രയോഗങ്ങള്‍ നിറഞ്ഞ  കവിതകളില്‍ പലതിന്റെയും അര്‍ത്ഥം മനസ്സിലാകാത്ത, സാധാരണക്കാരനായ ഒരു വായനക്കാരന്‌ പൂര്‍‌ണമായും സംതൃപ്തി പകരുന്ന ഒരു കവിതാ ശൈലിയാണ്‌ റോസ്മേരിയ്ക്കുള്ളത്. ആമുഖത്തില്‍ പറയുന്നപോലെ “അതിരുകളില്ലാത്തതും അനന്തവുമായൊരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌ റോസ്മേരിയുടെ കവിതാപ്രപഞ്ചം.”

അതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കവിതയേത് എന്നൊരു ചോദ്യമുണ്ടായാല്‍ തീര്‍ച്ചയായും ‘ഈ രാവ് എന്ത് തന്നു’ എന്ന മറുപടിയാവും കൊടുക്കുക. ആ കവിത ഒരു സ്ത്രീയുടെ പരമമായ സ്വാതന്ത്ര്യത്തിന്റെ ശംഖനാദമുയര്‍ത്തുന്ന ഒന്നാണ്‌. തുടക്കം ഇങ്ങനെ ..

സ്ത്രീയേ!
ഈ രാവ്
നിനക്കെന്തു തന്നു?
ഉത്കടമായ സങ്കടത്തെ തന്നു
കടലോളം കണ്ണീര്‍ തന്നു..

മഹാസങ്കടത്തിന്റെ ഈ രാവ് നീയെങ്ങനെ തരണം ചെയ്യും എന്ന് കവി ചോദിക്കുന്നു. മാത്രമല്ല, ഉറക്ക ഗുളികയുടെ കരിമ്പടത്തിനടിയില്‍ ഒരു തുലഞ്ഞ നിദ്രയിലേക്ക് കൂപ്പുകുത്തുവാനാണോ അല്ലെങ്കില്‍ മാര്‍ട്ടിനിയുടെ ചുവന്ന സമുദ്രത്തില്‍ സങ്കടത്തെ മുക്കിക്കൊന്ന് ഓര്‍മകളേതുമില്ലാത്ത ഒരുറക്കത്തിലേയ്ക്ക് ഒളിച്ചുപോകുവാനാണോ ഇഷ്ടമെന്ന് വേവലാതിപ്പെടുന്നു. 

സ്ഫടികക്കോപ്പയില്‍ പകര്‍ന്നെടുത്ത കയ്പുനിറഞ്ഞ സങ്കടം നുണഞ്ഞ് അത് സിരകളില്‍ പടര്‍ത്തി സ്ത്രീ ഉറക്കത്തിലേക്ക് വഴുതിവീഴുന്നു. ഒടുവില്‍ ചോരത്തുള്ളികള്‍ ഇറ്റുവീഴുന്ന ഒരു രാവിനുശേഷം അവള്‍ ഉറക്കമുണരുന്നത് സ്വയം പ്രഖ്യാപിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഒരു പുലര്‍ച്ചയിലേക്കാണ്‌. തടവറകളെല്ലാം ഭേദിച്ച സ്ത്രീ സൂര്യനഭിമുഖമായി നടന്നു പോകുന്നു. കണ്ണുകള്‍ നക്ഷത്രങ്ങള്‍, മുടിയിഴകളില്‍ അഗ്നിസ്ഫുലിംഗങ്ങള്‍. കത്തുന്ന കനലിനു മീതെ നടക്കുന്ന അവള്‍ക്ക് പുരുഷാരം വഴിയൊരുക്കുകയാണ്‌. തലയുയര്‍ത്തിപ്പിടിച്ച് ഭൂമിയുടെ മറ്റേയറ്റത്തേക്ക്, ചക്രവാളത്തിനുമപ്പുറത്തേയ്ക്ക് ഒറ്റയ്ക്ക് അവള്‍ നടക്കുകയാണ്‌.

രണ്ടായിരത്തി രണ്ടാമാണ്ടില്‍ പ്രസിദ്ധീകരിച്ച ഈ കവിതയ്ക്ക് ഇന്നിന്റെ ചിന്തകളിലും തീര്‍ച്ചയായും സ്ഥാനമുണ്ട്. എല്ലാവിധ കഷ്ടതകളില്‍നിന്നും സങ്കടങ്ങളില്‍ നിന്നും സ്ത്രീ മുക്തയാകണമെന്ന് കവിയെപ്പോലെ വായനക്കാരും  ആഗ്രഹിച്ചുപോകുന്നു. അതിനുള്ള ഉള്‍ക്കരുത്ത് സ്ത്രീയ്ക്ക് ലഭിക്കട്ടെ.

5 Responses to “റോസ്മേരി പറയുന്നത്‌.”

 1. Why are women always sad? It looks like poets are suffering from chronic persecution complex. I did not find any universal idea or observation about the human condition in the poem you quoted.

 2. റോസ് മേരിയുടെ കവിതകള്‍ അങ്ങനെ വായിക്കപ്പെട്ടവയല്ല. മാധവിക്കുട്ടി കാല്‍ത്തളകള്‍ ഊറ്റി നല്‍കിയ ശേഷം ഈ കവിയത്രിയെ അത്ര കണ്ടിട്ടില്ല പക്ഷേ അവരെഴുതുന്ന കുറിപ്പുകള്‍ക്ക് ഒരു തെളിമയുണ്ട്…ചാഞ്ഞുപ്പെയ്യുന്നതാണ് മഴ എന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ വീനലിലെ പുഴെയ്പ്പറ്റി.. കൊള്ളാം കവിത വായിക്കാന്‍ തോന്നിപ്പിക്കുന്ന കുറിപ്പ്..

 3. വിഷ്ണൂ,
  ഒരു യൂണിവേര്‍സല്‍ ഐഡിയയും ആ കവിതയില്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലൊ. ‘ഇ രാവ് നിനക്കെത് തന്നു’ എന്ന കവിതയെ എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്നു മത്രമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്, പിന്നെ കവികളുടെ കോമ്പ്ലെക്സുകളെക്കുറിച്ച് എനിയ്ക്ക് വല്യ പിടിയുമില്ല. പക്ഷേ ഒന്നുമാത്രം തോന്നുന്നു, സമൂഹത്തിലെ കാഴ്ചകള്‍ക്ക് നേരെയുള്ള നിങ്ങളുടെ ദൃഷ്ടി ഒന്നുകൂടി വിപുലപ്പെടുത്തിയാല്‍ നന്നായിരിയ്ക്കും. സ്വന്തം വീട്ടില്‍ നാലുനേരവും മൃഷ്ടാന്നം ഭക്ഷണം കഴിച്ചുറങ്ങുന്നവന് സമൂഹത്തോട് എന്തു കടപ്പാട് അല്ലെ? ഒരു പെണ്‍കുട്ടി പ്രയപൂര്‍‌ത്തിയാകുന്നതിനുമുന്‍പ് തന്നെ അവളില്‍ സമൂഹം അടിച്ചേല്പ്പിക്കുന്ന വളരെയധികം ശിക്ഷണരീതികളുണ്ട്, അവളുടെ സ്വാതന്ത്ര്യം ഹനിക്കുന്നവ. അതില്‍ മിക്കതുംതന്നെ അവളുടെ വീട്ടില്‍ നിന്നുതന്നെയാവും തുടങ്ങുന്നതും.

  ഈ ചര്‍ച്ച ശ്രദ്ധിക്കു..

  http://mahabalikeralam.blogspot.com/2007/08/2.html

 4. വെള്ളെഴുത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് സ്വാഗതം.

 5. റോസ് മേരിയെ പരിചയപ്പെടിത്തിയത് നന്നായി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: