Archive for the കഥ Category

ഭ്രമം.

Posted in കഥ on September 17, 2007 by chilamp

പാടവരമ്പത്ത് വെയില്‍ തിളച്ചുകിടന്നു.  മനസ്സിനെ തന്നിഷ്ടത്തിനു മേയാന്‍ വിട്ടതുകൊണ്ടാവും , വിയര്‍ത്ത് കുളിച്ചെങ്കിലും അനിരുദ്ധന്‍ പുറത്തെ ചൂടറിഞ്ഞില്ല. പിന്നെ എപ്പോഴൊക്കെയോ വീശിത്തണുപ്പിച്ച ഒരു ചെറിയ കാറ്റിനോടുള്ള പ്രതിപത്തിയും. കൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍ വരണ്ടുണങ്ങി വിണ്ടുകീറിയിരിയ്ക്കുന്നു. മീനമാസം ആളിക്കത്തുന്നത് കരിഞ്ഞ പുല്‍ക്കൊടികള്‍ വിളിച്ചു പറഞ്ഞു. കൊന്നകള്‍ കാലം‌തെറ്റി പൂത്തു കൊഴിഞ്ഞിരിയ്ക്കുന്നു. ഒരു മഴയ്ക്കായുള്ള കാത്തിരിപ്പ് ഇനിയുമെത്രനാള്‍ .അയാള്‍ നടത്തത്തിനു വേഗം കൂട്ടി.

മൈഥിലിയുടെ വീട്ടിലേക്ക് ഇനിയും നടക്കണം, ഏകദേശം ഒന്നൊന്നര ഫര്‍ലോങ് കൂടി. കഴിഞ്ഞപ്രാവശ്യം  കാണുമ്പോള്‍ അവള്‍ ഷോക് ട്രീറ്റ്മെന്റിനു ശേഷമുള്ള വിശ്രമാവസ്ഥയിലായിരുന്നു. കടുത്ത ശൂന്യത നിറഞ്ഞ,  മരണപ്പെട്ട കണ്ണുകളെ ഓര്‍മ്മിപ്പിച്ച ആ മിഴികള്‍ക്കു ചുറ്റിലും വലിയ കറുത്ത വളയങ്ങള്‍. തലമുടിയപ്പാടെ വെട്ടിച്ചുരുക്കിവച്ച് ഒരു നിത്യരോഗിയെപ്പോലെ.

അവള്‍ക്ക് വേണ്ടി എന്താണ്‌ വാങ്ങിക്കൊണ്ട് പോകേണ്ടത് എന്നതിനെപ്പറ്റി അധികം ചിന്തിച്ച് തല പെരുപ്പിയ്ക്കാന്‍ അയാള്‍ തയാറല്ല. കാരണം അവള്‍ ഒരു ഭ്രാന്തിയാണെന്നത് തന്നെ. ഭ്രാന്ത് എന്നാലെന്ത്, എന്നു ചിന്തിച്ച് വശംകെട്ട് ഉറക്കം കളഞ്ഞ ദിവസങ്ങളുമുണ്ടായിരുന്നു. അവള്‍ കോളജില്‍ തന്നോടൊപ്പം ചേര്‍ന്ന കാലയളവില്‍  മനസ്സില്‍ തോന്നിയ അതിരുകടന്ന ആസക്തി, തന്നെയും ഭ്രാന്തിന്റെ വക്കോളമെത്തിച്ചിരുന്നു എന്നത് അയാള്‍ ഓര്‍ത്തു.  ഫിസിക്‍സ് ലാബിന്റെ ചുവരുകളീല്‍ അവളുടെ ചിരി അലയടിച്ചപ്പോഴൊക്കെ അവളെ സ്വന്തമാക്കി എവിടെയെങ്കിലും ഒളിപ്പിക്കണമെന്ന് അയാള്‍ കരുതിയതാണ്‌.
വേറെയാര്‍ക്കും വിട്ടുകൊടുക്കാന്‍ വയ്യ എന്ന തോന്നല്‍.

കയ്യിലെ ഗ്ലാസ്പുഷ്പങ്ങള്‍ കൊണ്ടുള്ള പൂങ്കുല അയാള്‍ മുറുകെപിടിച്ചു. ഇത് അവളുടെ മുറിയിലെ മേശപ്പുറത്ത് വയ്ക്കണം, അവളുടെ കണ്ണുകള്‍ എപ്പോഴും ഇവയില്‍ ചുറ്റിത്തിരിയണം. വിഷാദരോഗത്തിനടിമപ്പെടും‌മുന്‍പ് അവള്‍ക്ക് അനിരുദ്ധനോട് പുച്ഛമായിരുന്നു. ശ്വാസം‌പിടിച്ച് എന്തെങ്കിലുമൊന്ന് സംസാരിയ്ക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും തലവെട്ടിച്ച് അവള്‍ കടന്നുകളയും. എങ്കില്‍‌പോലും അവളറിയാതെ അവള്‍ക്ക് ചുറ്റും ഒരു പരുന്തിനെപ്പോലെ വട്ടമിട്ട് പറന്നിരുന്നു അയാള്‍. അവര്‍ക്കിടയില്‍ റോയ് കടന്നുവരും‌വരെ. മുന്തിയതരം വസ്ത്രങ്ങളോ ജാടകളോ ഇല്ലാത്തവനു വേണ്ടി അവള്‍ സമയം കണ്ടെത്തുന്നതില്‍ എപ്പോഴും അയാള്‍ക്ക് അമര്‍ഷമായിരുന്നു.റോയ് വളരെ വേഗം മൈഥിലിയുടെ പ്രിയപ്പെട്ട കൂട്ടുകാരനായി. ഒന്നിച്ചുള്ള നടത്തം, പഠനം, ലാബിലെ സല്ലാപങ്ങള്‍ തുടങ്ങി അനിരുദ്ധന്റെ നിയന്ത്രണം തെറ്റിക്കുന്ന എല്ലാം അവള്‍ തുടങ്ങി വച്ചു.

കഴിഞ്ഞവര്‍ഷത്തെ ഏപ്രിലും ഇതുപോലെ മനോഹരിയായിരുന്നു. കൊന്നകളുടെ കിങ്ങിണികള്‍ ക്യാമ്പസില്‍ സ്വര്‍ണം തളിച്ചു. ഉച്ചയ്ക്ക് ശേഷം റോയ് എവിടെ എന്ന മൈഥിലിയുടെ ചോദ്യത്തിനുത്തരമായി അവള്‍ക്ക് മെന്‍’സ് ഹോസ്റ്റലിലേക്കുള്ള വഴി പറഞ്ഞുകൊടുത്തത് ഏത് വികാരത്തിനടിമപ്പെട്ടാണെന്ന് ഇന്നും അനിരുദ്ധനറിയില്ല. ഹോസ്റ്റലില്‍ ആ സമയത്ത് തെരുവുഗുണ്ടകളില്‍നിന്നും ഒട്ടും വ്യത്യസ്തരല്ലാത്ത ഒരു പറ്റം സീനിയര്‍ സ്റ്റുഡന്റ്സ് ചീട്ടുകളിയ്ക്കുന്നുണ്ടായിരുന്നെന്നറിഞ്ഞിട്ടും…

പിന്നീട് എല്ലാം കീഴ്മേല്‍ മറിഞ്ഞു. അവള്‍ മനസ്സിന്റെ സമനില തെറ്റി ഹോസ്പിറ്റലില്‍ ആയതിനൊപ്പം തന്നെ നിരവധി സമരങ്ങള്‍, സസ്പെന്‍ഷനുകള്‍. ആരോടും പറയാതെ നാടുവിട്ടുപോയ റോയ് ഇന്നുവരേയ്ക്കും തിരിച്ചെത്തിയതുമില്ല. ക്യാമ്പസ് ഒരു പ്രേതാലയം പോലെ മൂകമായി. പടര്‍ന്നിറങ്ങിയ ബോഗന്‍‌വില്ലകള്‍ക്ക് കീഴെ സൊറ പറയാന്‍ ആരുമില്ലാതെ. വിഷാദത്തിന്റെ കനപ്പെട്ട ഒരു വിറങ്ങലിപ്പ് ആ വര്‍ഷം മുഴുവനും അവിടെ തളംകെട്ടി.
ഓര്‍മ്മകളുടെ ഇരമ്പലില്‍ അയാള്‍ കിതച്ചു. ഇപ്പോള്‍ അവള്‍ തന്റേത് മാത്രമാണെന്ന് അയാളുടെ മനസ്സിലെ ഏതോ പിശാച് അഹങ്കാരത്തോടെ ഊറ്റംകൊണ്ടു. താന്‍ മാത്രമാണ്‌ അവളെ സ്ഥിരമായി സന്ദര്‍ശിക്കുന്നതും. അവള്‍ പഴയതൊക്കെ മറന്നതില്‍ നിഗൂഢമായൊരു സന്തോഷം അയാളുടെ ചുണ്ടില്‍ വക്രിച്ച ഒരു ചിരി സമ്മാനിച്ചു. മൈഥിലിയുടെ വീട്ടിലേയ്ക്കുള്ള ഒതുക്കുകല്ലുകള്‍ അയാളുടെ കാല്‍ക്കീഴില്‍ അമര്‍ന്നു.

 ചുവരിലെ ഒരു ബിന്ദുവില്‍ ഇമവെട്ടാതെ നോക്കിയിരിയ്ക്കുകയാണ്‌ അവള്‍. അടക്കാനാവാത്ത സ്നേഹത്തോടെ അയാള്‍ അവളുടെ പേരുവിളിച്ചു. അവള്‍ ദൃഷ്ടി മാറ്റിയതേയില്ല.  ചുവരിന്റെ ഓരം ചേര്‍ന്ന് വരിവരിയായി നീങ്ങുന്ന ഉറുമ്പുകള്‍ അവളുടെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുവച്ചിരിയ്ക്കയാണ്‌. വിളര്‍ത്തുമെലിഞ്ഞ കൈകളില്‍ ഒരു കൈലേസ് മുറുകെപ്പിടിച്ചിരിയ്ക്കുന്നു. അമ്മയാകട്ടെ പലവുരു പറഞ്ഞ രോഗവിവരണം അയാള്‍ക്കുവേണ്ടിയും  ആവര്‍ത്തിച്ചു.

അല്പസമയം കഴിഞ്ഞ് അയാള്‍ ഇളം നീല നിറത്തിലുള്ള സ്ഫടികത്തില്‍ തീര്‍ത്ത പൂക്കള്‍ മേശപ്പുറത്ത് വച്ചു. അവളുടെ കണ്ണുകളില്‍ അതേ അപരിചിതത്വം.  വീണ്ടുംവരാമെന്ന ഉറപ്പിന്‍‌മേല്‍ അനിരുദ്ധന്‍ പോകാനൊരുങ്ങി. സ്ഥിരമായി വന്നു കാണുമ്പോള്‍തന്റെ മുഖം അവളുടെ മനക്കണ്ണാടിയില്‍ തെളിയുമെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു. വാതില്‍ക്കല്‍നിന്ന് അവളെ ഒന്നു തിരിഞ്ഞുനോക്കി  നടക്കാനൊരുങ്ങിയതും, ഒരു മൂളലോടെ എന്തോ ഒന്നു പറന്നുവന്ന് അയാളുടെ തോളില്‍‌ത്തട്ടി മുന്നില്‍‌വീണ്‌ ഉടഞ്ഞുചിതറി. കരുതലോടെ അവള്‍ക്ക് നല്‍കിയ ഇളം നീല ഗ്ലാസ് പൂക്കള്‍..

ആ കണ്ണുകളിലേയ്ക്ക് നോക്കാന്‍ ഭയപ്പെട്ട് അയാള്‍ വേഗം പടികളിറങ്ങി.
 

കടല്‍.

Posted in കഥ on September 1, 2007 by chilamp

കടല്‍ക്കരയില്‍ ചെലവഴിക്കുന്ന സായാഹ്നങ്ങള്‍ അയാള്‍ക്ക് വല്ലാത്തൊരുന്മേഷമാണ്‌ പകര്‍ന്നുകൊടുക്കാറുള്ളത്.
തിരയെണ്ണി കപ്പലണ്ടി കൊറിച്ച്, അവിടെ വരുന്നവരെ നോക്കിയിരിക്കാന്‍ അയാള്‍ക്കിഷ്ടമാണ്‌. പോകാന്‍ ഇരുണ്ട ഒരു കൊച്ചുമുറിയും, കാത്തിരിയ്ക്കാന്‍ നിശ്ശബ്ദതയുടെ കരടിക്കുഞ്ഞുങ്ങളുമല്ലാതെ അയാള്‍ക്കാരുമില്ല എന്നത് സായാഹ്നങ്ങളുടെ ദൈര്‍ഘ്യം ആവും വിധമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ അയാളെ നിര്‍ബന്ധിക്കുന്നു. മാത്രമല്ല കടല്‍ പലപ്പോഴും ഒരു കാമുകിയെപ്പോലെയാണ്‌ അയാളോട് പെരുമാറുന്നതും.

മനസ്സിനു ഇടര്‍ച്ചയുള്ള നേരത്ത് അത് കാലില്‍ നനുത്ത തിരയെറിഞ്ഞ് ആശ്വസിപ്പിക്കാറുണ്ട്. ഗൂഢമായ സന്തോഷത്തിന്റെ വെമ്പലില്‍ അയാള്‍ ഭിത്തിയിലെ പാറക്കൂട്ടങ്ങളിലൂടെ ഓടിക്കിതയ്ക്കുമ്പോള്‍ അത് ഗ്ലാസ് പൊട്ടിച്ചിതറുന്നപോലെ അലറിച്ചിരിച്ച് പിന്നാലെയെത്തും, അയാള്‍ ദേഷ്യം കൊണ്ട് മുഖം കടുപ്പിച്ചിരുന്നാല്‍ അനങ്ങാതെ അയാളെ ഒട്ടും ശല്യം ചെയ്യാതെ ഒതുങ്ങിപ്പരന്നു കിടക്കും. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ഒരു കൂറ്റന്‍ തിരയെടുത്ത് അയാളെ ആകെ നനച്ചുകളയും. അപൂര്‍‌വമായി അയാളെ തീരെ കണ്ടഭാവം നടിക്കാതെ,ഒന്നു ചിരിയ്ക്കുകപോലും ചെയ്യാതെ നിന്നുകളയും. അയാള്‍, അവളുടെ മനസ്സിലും എന്തോ ഉരുണ്ടുകൂടിയിരിയ്ക്കുന്നുവെന്ന്‌ സമാധാനിക്കും. കടലും അയാളും തമ്മിലുള്ള അഭേദ്യമായ  ബന്ധത്തിന്റെ നാഴികകള്‍ ആസ്വദിക്കാന്‍ അയാള്‍ പതിവു തെറ്റിയ്ക്കാതെ അവിടെ വരാറുമുണ്ട്. മുട്ടിയുരുമ്മി, പ്രണയികള്‍ പരസ്പരം മന്ത്രോച്ചാരണം നടത്തുന്നതും, തെറ്റിപ്പിരിയുന്നതും, വീണ്ടും ഒന്നിയ്ക്കുന്നതും, കപ്പലണ്ടി വില്‍ക്കുന്ന പയ്യന്റെ ഒരേ താളത്തിലുള്ള വിളികളും, പല നിറങ്ങളിലുള്ള ഐസ്ക്രീം വില്‍ക്കുന്നവരും എല്ലാം കണ്ണടച്ചാലും അയാള്‍ക്ക് കാണാന്‍ കഴിയും.

പനിപിടിച്ചുകിടന്ന ഏതാനും നാളുകളാണ്‌ അയാള്‍ക്ക് കടല്‍ക്കരയില്‍ പോകാന്‍ കഴിയാതിരുന്നത്.  കട്ടിലില്‍ നിന്നു എഴുന്നേല്‍ക്കാന്‍ കൂടി അനുവദിക്കാതെ ജ്വരത്തിന്റെ സൂചിമുനകള്‍ സന്ധികള്‍തോറും തറച്ചുകയറി. ആദ്യമെല്ലാം തടുത്തുനിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും ശരീരവും മനസ്സും പതിയെ പനിയ്ക്ക് പൂര്‍‌ണ്ണമായും കീഴടങ്ങി. സ്വപ്നങ്ങളുടെ വേലിയേറ്റത്തില്‍ കടല്‍ ഇളകിമറിഞ്ഞു.തിരകള്‍ ഹൃദയത്തിന്റെ ഭിത്തിയില്‍ ആര്‍ത്തലച്ചു. ബോധം മറയുമ്പോഴെല്ലാം അയാള്‍ തിരകളിലൊഴുകി നടന്നു.

കടലും അയാളെ അന്വേഷിക്കുന്നു എന്നത് അയാളുടെ വരണ്ടചുണ്ടില്‍ ഒരു ചിരി പടര്‍ത്തി. ജ്വരം പിന്‍‌വാങ്ങിയ ഇടവേളകളില്‍ എപ്പോഴോ ജനാലയ്ക്ക് താഴെ ആളുകള്‍ കൂട്ടം കൂടി നിന്ന് സംസാരിയ്ക്കുന്നത് അയാള്‍ കേട്ടു, കടല്‍ വല്ലാതെ ക്ഷോഭിച്ചിരിക്കുന്നുവെന്ന്. കാലംതെറ്റിയുള്ള കടല്‍ക്ഷോഭത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ബോധം മറയുവോളം അയാള്‍ കേട്ടു. കടല്‍ഭിത്തി തകര്‍ത്തെറിഞ്ഞ് ഭ്രാന്തമായി അലറിവിളിക്കുന്ന സമുദ്രം.

വടികുത്തിപ്പിടിച്ച് അയാള്‍ നടന്നു. വീഴാനാഞ്ഞപ്പോഴെല്ലാം വഴിയരികില്‍ കൂനിയിരുന്നു, ഒടുവില്‍ ഉച്ചയോടെ  തീരത്തെത്തി. വിജനമായ തീരം.അയാള്‍ അവിടെ വീണു. അത്ഭുതത്തോടെ കടല്‍.കൈനീട്ടിയപ്പോള്‍ തിരവന്നു തൊട്ടു.അയാള്‍ കണ്ണടച്ചു.മുഖം മണലില്‍ ചേര്‍ത്ത് ഉറങ്ങാന്‍ തുടങ്ങി. കടല്‍ അതീവശ്രദ്ധയോടെ ഒതുങ്ങി.  ശക്തിയോടെ ഉയര്‍ന്ന തിരകള്‍ മെല്ലെ ശാന്തമായി. അയാളാകട്ടെ, കാറ്റില്‍  തണുത്തുവിറച്ചിരുന്നു. പിന്നെ പനിയുടെ ആലസ്യത്തില്‍  ഗാഢനിദ്രയിലാണ്ടു.

നോക്കെത്താദൂരത്ത്.

Posted in കഥ on August 23, 2007 by chilamp

അമ്മയുടെ ഫോണ്‍‌വിളിയുണര്‍ത്തിയ അസ്വസ്ഥതയില്‍ മാധവന്‌ ഉറങ്ങാനായില്ല, തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും. താരയും കുഞ്ഞും ഉറങ്ങുകയാണ്‌, അല്ലലേതുമറിയാതെ. അയാള്‍ അടുക്കളയിലേക്ക് നടന്നു, ഫ്രിഡ്ജില്‍നിന്നും ഒരു കുപ്പി ബിയര്‍ എടുത്ത് ലിവിങ് റൂമില്‍ വന്നിരുന്നു. കുഞ്ഞുമോള്‍ വളര്‍ത്തുന്ന സ്വര്‍ണമത്സ്യങ്ങള്‍ ചെറിയ ഫിഷ് ടാങ്കില്‍ സന്തോഷത്തോടെ പായലും തിന്ന് നീന്തിക്കളിക്കുന്നു. താഴെ നിരന്നു കിടക്കുന്ന പാവക്കുട്ടികള്‍. അയാള്‍ സോഫയില്‍ ചാരിക്കിടന്നു.

രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌ ഈ മണ്ണില്‍ കാലുകുത്തിയത്. അറേബ്യയിലെ മരുഭൂമിയില്‍ നിന്നും ഇങ്ങോട്ട് വന്നത് ഇപ്പോഴും ഓര്‍മ്മിക്കുന്നു.മോള്‍ക്ക് മൂന്നുവയസ്സായിരുന്നു അപ്പോള്‍. നാട്ടില്‍ നിന്നും ഉള്ളതെല്ലാം വിറ്റുപെറുക്കി മറുനാട്ടിലെത്തിലെത്തിയതായിരുന്നു. ആദ്യമൊക്കെ കഷ്ടപ്പാടായിരുന്നെങ്കിലും താമസിയാതെ ഭേദപ്പെട്ട ഒരു ജോലി കിട്ടി. ജീവിതം മെല്ലെ മെല്ലെ നരച്ച നിറം വെടിഞ്ഞ് പച്ചപ്പിലേക്ക് തിരിഞ്ഞ സമയം. താരയ്ക്കും ജോലിയായി. അപ്പോഴാണ്‌ കൂട്ടുകാരുടെ നിര്‍ബന്ധംമൂലം ഈ നാട്ടിലേക്ക് ഇമിഗ്രേഷന്‌ അപേക്ഷിച്ചത്. കയ്യിലിരുന്ന പണം മുഴുവനും അതിനായി ചെലവഴിച്ചു. സമ്പാദ്യം മുഴുവനും ഏജെന്റിനും മറ്റുമായി തീറെഴുതി. എങ്കിലും, പണമല്ലെ, വീണ്ടും ഉണ്ടാക്കാമല്ലൊ എന്ന ചിന്ത മുന്നിട്ടു നിന്നു . മാറ്റങ്ങള്‍ നല്ലതിനുവേണ്ടിയാകുമെന്ന്‌ താരയും.

ഒഴിഞ്ഞ ബിയര്‍‌കുപ്പി അയാള്‍ സോഫയുടെ താഴെയിട്ടു, ലൈറ്റ് ഓഫ് ചെയ്ത് സോഫയിലേക്ക് വീണ്ടും ചാഞ്ഞു.

ഇവിടെ വന്നതിനുശേഷം പ്രശ്നങ്ങളുടെ വേലിയേറ്റമായിരുന്നു. പുതിയ ഇടത്ത് നല്ലൊരു ജോലി ശരിയാകാന്‍ ഏകദേശം രണ്ട് വര്‍‌ഷത്തോളമെടുത്തു. സാമ്പത്തിക പരാധീനതകളുടെ വര്‍ഷങ്ങള്‍, നാട്ടില്‍ പെങ്ങളുടെ വിവാഹം, അനിയന്റെ പഠിപ്പ്, അമ്മയ്ക്കും അച്ഛനും ചികിത്സ..ഇവിടെയാകട്ടെ പറയത്തക്ക ജോലിയുമില്ല. പറഞ്ഞാല്‍ ആരു വിശ്വസിക്കാനാണ്‌. കഷ്ടപ്പാടിന്റെ കണക്കൊഴിയാത്ത കാലങ്ങള്‍. ഒരു മാസം മുന്‍പ് മാത്രമാണ്‌ നല്ലൊരു ജോലി കിട്ടിയതുതന്നെ. അതിനോടകം വീട്ടാനുള്ള കടങ്ങളുടെ ലിസ്റ്റ് പെരുകിക്കഴിഞ്ഞിരുന്നു. ഇപ്പോല്‍ അമ്മ വീണ്ടും പറയുന്നു, എത്ര നാളായി എന്റെ ഉണ്ണി, ഇനിയെങ്കിലും തിരിച്ചുവന്നുകൂടെ എന്ന്‌.

അമ്മയെ ഓര്‍ത്തപ്പോള്‍ അയാളുടെ നെഞ്ചിനകത്ത് ഒരു വിങ്ങല്‍ മുറുകി. പോകാനിഷ്ടമില്ലാഞ്ഞല്ല. തിരികെപ്പോയാല്‍ വീണ്ടും ജീവിതം ആദ്യം മുതലെ തുടങ്ങണം. ഒരു പൂജ്യത്തിലൂടെയുള്ള സഞ്ചാരം പോലെ.
തുടക്കമില്ല, ഒടുക്കവുമില്ല. അല്ലെങ്കില്‍ എപ്പോഴും തുടക്കവും എപ്പോഴും ഒടുക്കവും.

കുഞ്ഞുമോളെ ഓര്‍ത്താണ്‌ വിഷമം, ഇനിയും ഒരു മാറ്റം അവള്‍ക്ക് താങ്ങാനാവില്ലതന്നെ. വയസ്സുകാലത്ത് അച്ഛനും അമ്മയ്ക്കും തുണയാകാന്‍ കഴിയാഞ്ഞതില്‍ സങ്കടപ്പെട്ട് മാധവന്‍ മനസ്സില്‍ അവരോട് മാപ്പിരന്നു.
നേര്‍ത്ത തണുപ്പിന്റെ നൂലുകള്‍ അയാളെ പൊതിഞ്ഞുതുടങ്ങി. കണ്ണടച്ചപ്പോള്‍ പാടവരമ്പത്തുകൂടി തന്റെ കൈ പിടിച്ച് സ്കൂളിലെത്തിക്കുന്ന അച്ഛന്‍, മകന്‍ കരയുമെന്ന്‌ കരുതി, അദ്ദേഹം സ്കൂള്‍ മുറ്റത്തു തന്നെ നില്‍ക്കുകയാണ്‌, ക്ലാസ് റൂമിന്റെ ജന‍ലിലൂടെ നോക്കിയാല്‍ മാധവനു അച്ഛനെ കാണാം. ഉച്ചയ്ക്ക് വീട്ടിലെത്തുമ്പോള്‍ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിയ്ക്കുന്ന അമ്മ. ഒരിയ്ക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്ത അമ്മ, അവരുടെ ഏക ആഗ്രഹം മകന്‍ തിരിച്ചുവരണമെന്നത് മാത്രം.

മാധവന്റെ കണ്ണുകളില്‍നിന്നും ചുടുനീര്‍ ഒഴുകുകയാണ്‌.
അയാള്‍ ഉറങ്ങാതെ കിടന്നു.

യുത്തനേഷ്യ.

Posted in കഥ on August 21, 2007 by chilamp

ഏഴുവര്‍ഷങ്ങളുടെ പലായനം എത്ര വേഗത്തിലായിരുന്നു. ദയാവധം നാളെയാണെന്നാണ്‌ നേഴ്സ്‌ അമ്മയോട്‌ പറയുന്നത്‌ കേട്ടത്‌, അതായത്‌ തന്റെ കൊലപാതകം..മര്‍ഡര്‍.    ഏഴുകൊല്ലങ്ങള്‍ കാത്തിരുന്ന വിനോദിനും മറിച്ചൊരു അഭിപ്രായമില്ലാതെയായി. ഓര്‍ക്കുമ്പോള്‍ ഭയമുണ്ട്‌, മരണം എന്നും ഒരു സമസ്യ തന്നെ. എന്തെങ്കിലും പറയണമെന്നുണ്ട്‌, പക്ഷെ അനങ്ങാന്‍ കഴിയുന്നില്ല, എന്തിന്‌, ഒന്നു മിഴിചിമ്മാന്‍ പോലും. കിടപ്പിലാകുമ്പോള്‍ അമലിന്‌ ഒരു വയസ്സായിരുന്നു..ഇപ്പോള്‍ അവന്‍ വല്യകുട്ടിയായി. ആഴ്ചയിലൊരിയ്ക്കല്‍ അച്ഛന്റെ കൂടെ വരും..വെറുതെ അക്ഷമനായി നിന്നു തിരികെപ്പോകും. ‘അമ്മേ’ എന്നൊന്നു വിളിക്കും..വിളികേള്‍ക്കണമെന്നുണ്ട്‌, ആ കുഞ്ഞുകവിളില്‍ തെരുതെരെ ഉമ്മ വയ്ക്കണമെന്നും, പക്ഷെ മനസ്സൊഴികെ എല്ലാം മരിച്ചുകഴിഞ്ഞു..ജീവിതവുമായുള്ള ബന്ധം വളരെ നേര്‍ത്ത ഒരു നൂല്‍പ്പാലത്തിലൂടെയായി..കേള്‍വി മാത്രം നേര്‍ത്തൊരു വാതില്‍ അടയ്ക്കാതെയിട്ടു.

ഇടനാഴിയിലൂടെയുള്ള ഓരോ ചലനവും പരിചിതമായിരുന്നു, ഓരോ കാലൊച്ചയും ആരുടേതെന്ന്‌ തിരിച്ചറിഞ്ഞു.
 ശബ്ദത്തിന്റെ ഭംഗിയറിഞ്ഞ വര്‍ഷങ്ങള്‍. ഡോക്റ്റര്‍ പിഷാരടി പറഞ്ഞിട്ട്‌ വിനോദ്‌ പലതരം പാട്ടുകളുടെ സീഡികള്‍ പ്ലേ ചെയ്യുമായിരുന്നു, പിന്നീട്‌ അയാള്‍ക്കും ഒന്നിലും താത്‌പര്യം ഇല്ലാതെയായി. എല്ലാം ഒരു ദിവസം എടുത്തെറിയുന്ന സ്വരം കേട്ട്‌ ഞെട്ടി. ആ ജീവിതത്തില്‍ നിന്നും തന്നെ ഇറക്കിവിട്ട ദിവസമായിരിയ്ക്കണം അത്‌.

കരയാതെ കരഞ്ഞു, ആരുമറിയാതെ. പിന്നെ ദയാവധത്തിന്റെ സംസാരങ്ങള്‍ തുടങ്ങി. ആദ്യമൊന്നും മനസ്സിലായിരുന്നില്ല. പക്ഷെ, ഡോക്റ്റര്‍ വന്നപ്പോള്‍ വിനോദ്‌ എല്ലാം ചോദിച്ചറിയുന്നത്‌ കേട്ടു. സന്ധ്യയില്‍ പാടുന്ന കിളികള്‍, പെട്ടെന്ന്‌ മൂകരായി. മനസ്സു പിടഞ്ഞു നീറി. ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍ പിടിച്ചുനിര്‍ത്തിയിരിക്കുന്ന ട്യൂബുകളെല്ലാം വലിച്ചെടുത്ത്‌ കളയണമെന്നു തോന്നി, പക്ഷെ അനങ്ങാന്‍ പറ്റുന്നില്ലല്ലൊ.

“ഈ കിടപ്പില്‍ നിന്നും ഇവള്‍ ഇനി എഴുന്നേല്‍ക്കുമെന്ന്‌ തോന്നുന്നില്ല ഡോക്റ്റര്‍” വിനോദാണ്‌ സംസാരം തുടങ്ങിയത്‌.
“ഇനിയെത്ര നാളെന്നു വച്ചാണ്‌ ഈ ചികിത്സ”

ഡോക്റ്റര്‍ അയാളെ റൂമിലേക്ക്‌ വിളിപ്പിച്ചു. പിന്നെ ഒന്നും അറിയാന്‍ കഴിഞ്ഞില്ല. വല്ലാത്തൊരു മരവിപ്പോടെ കിടന്നു, ഒന്നും ശ്രദ്ധിക്കാതെ. കുറേ ദിവസങ്ങള്‍ക്കു മുന്‍പാണത്‌. പിന്നെ വഴക്കായിരുന്നു, അമ്മയോട്‌. അമ്മ കൊലയ്ക്ക്‌ കൂട്ടുനില്‍ക്കാത്തതിലുള്ള അരിശം.

മരണം സമ്മാനിയ്ക്കാന്‍ വെളുത്ത മാലാഖമാര്‍ രാവിലെ വരും. അമ്മ കരയുന്നു, ഇടമുറിയാതെ.

അമല്‍ വൈകിട്ടു വന്നു തന്നെ ഒന്നു തൊട്ടെന്ന് വരുത്തി..അവന്‌ എല്ലാം ഒരു തമാശയെന്നോണം തോന്നിക്കാണും. മുടങ്ങാതെയുള്ള വാരാന്ത്യ സന്ദര്‍ശനം തീരാന്‍ പോകുന്നു എന്ന്‌ മാത്രം അറിഞ്ഞിരിക്കും. ഇളം നീല ബ്ലാങ്കെറ്റില്‍ പൊതിഞ്ഞ ഒരു സ്ത്രീയുടെ ചലനമറ്റ ശരീരം കാണാന്‍ ഇനി മെനക്കെടേണ്ടതില്ല ആരും. ഈ ഒരു രാവുകൂടി മാത്രം.. ഒരു നല്ല പാട്ട്‌ കേള്‍ക്കാന്‍ കൊതിയാവുന്നു. ഏതെങ്കിലും ഒരു ഗാനം, ജീവിതത്തിന്റെ നിറമുള്ളത്‌.

രാവിലെ നേഴ്സ്‌ വന്നു നെറ്റിയില്‍ കൈവച്ചു. യാതൊരു ചലനവുമില്ലെന്നു അവസാനമായി ഒരിയ്ക്കല്‍ കൂടി ഉറപ്പ്‌ വരുത്തി. നല്ലവരായ അവര്‍ ഉറക്കെ കന്യാമറിയത്തിനോട്‌ പ്രാര്‍ത്തിച്ചു, തന്റെ ആത്മാവിന്റെ ശാന്തിയ്ക്ക്‌ വേണ്ടി..ഭയം തോന്നുന്നു. നെഞ്ചിന്‍ കൂട്ടിലെ പക്ഷി ചിറകു വിരിച്ച്‌ ദേഹം വെടിയാന്‍ ഒരുങ്ങി, തെല്ലും ഇഷ്ടമില്ലാതെ.

പിന്നെ വിനോദും അമ്മയും വന്നു. അയാള്‍ തന്റെ വിരലിലെ മോതിരം ഊരിയെടുത്തു.അയാളുടെ പേരുകൊത്തിയ മോതിരം. അമ്മ കാല്‍പാദത്തില്‍ മുഖം ചേര്‍ത്തുപിടിച്ച്‌ കരയുന്നു. ഒടുവില്‍ ഡോക്റ്റര്‍ പിഷാരടി എത്തി. റൂമില്‍ നിന്നും എല്ലാവരും വെളിയില്‍ പോയി. അദ്ദേഹം പ്രാര്‍ത്ഥിക്കുകയായിരുന്നിരിയ്ക്കണം..പിന്നെ എന്തൊക്കെയോ ടെസ്റ്റുകള്‍ക്ക്‌ ശേഷം ഓരോ ട്യൂബുകളായി എടുത്തുമാറ്റി.
 

മനസ്സില്‍ ചുവപ്പു നിറം കൂടിക്കൂടി വന്നു, ആദ്യ വൃത്താകൃതിയിലും പിന്നീട്‌ വലിയ പരന്ന തടാകം പോലെയും..പലതരം നിറങ്ങളുടെ വലയങ്ങളിലൂടെ ഞാന്‍ എന്റെ അവസാനത്തെ യാത്ര തുടങ്ങി…

കുരുക്കുകള്‍.

Posted in കഥ on August 15, 2007 by chilamp

അന്നും അയാള്‍ പതിവു പോലെ പെണ്‍ വേട്ടയ്ക്കിറങ്ങി. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി ആരും വലയില്‍ വീഴുന്നില്ല. എഴുത്തുകാരാണെന്ന് പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല. ഇപ്പോഴത്തെ പെണ്‍ കുട്ടികളെ വീഴ്ത്താന്‍ ഭയങ്കര ബുദ്ധിമുട്ട്. സത്യത്തില്‍ എന്തിനാണ്‌ ഇത് ചെയ്യുന്നത് എന്നു കുറെ ആലോചിച്ചതാണ്‌. അപ്പോഴാണ്‌ മനസ്സിലായത്  ഉദ്ദീപനം ഇല്ലെങ്കില്‍ എഴുത്ത് വരില്ലെന്ന്‌. വിരല്‍ തുമ്പില്‍ നിന്ന് ഒരു വാക്കുപോലും അടര്‍ന്നു വീഴുന്നില്ല. കടലാസ് ശൂന്യമായി മുന്നിലിരുന്ന് കളിയാക്കിച്ചിരിക്കുന്നു…അടുത്ത ദിവസംതന്നെ രണ്ടുമൂന്നു ആര്‍ട്ടിക്കിള്‍സ് കൊടുക്കണം, പണം മുടക്കിയാല്‍ പ്രസിദ്ധീകരിക്കാമെന്ന് ഒരു പത്രക്കാരന്‍ ഏറ്റിട്ടുണ്ട്. പക്ഷേ, എഴുതണ്ടെ?  അങ്ങനെ ഒടുവില്‍ ലാപ്ടോപ് തുറന്നു..നെറ്റിന്റെ ജാലകങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു.  പരതിനടക്കുമ്പോള്‍ ഒരുവള്‍.. പരിചയമുണ്ട്, കുറച്ച്. എഴുത്തുകാരിയൊന്നും അല്ലെങ്കിലും എഴുതാന്‍ ശ്രമിക്കുന്നവളാണ്‌. തനിക്കിപ്പോള്‍ ആരായാലെന്ത്? ഉടനെ മെയിലയച്ചു. സ്ഥിരം എഴുതാറുള്ള മെയില്‍ തന്നെ.

” മാഡം, താങ്കളുടെ കൃതികളൊക്കെ വായിക്കാറുന്റ്.  എല്ലാം നല്ലതാണ്‌, പിന്നെ ആ പോസ്റ്റില്‍ താങ്കള്‍ ഇട്ടിരുന്ന കമന്റ്..ഹൗ, എന്തൊരു രസമാണ്‌, വായിച്ച് ഞാന്‍ ചിന്തിച്ചിരുന്നു പോയി”

രണ്ടുമണിക്കൂറിനകം പ്രതീക്ഷിച്ചപോലെ അവളുടെ മറുപടി..
“വളരെ സന്തോഷം, എന്റെ പൊട്ടത്തരങ്ങള്‍ക്ക് വായനക്കാരുണ്ടെന്ന് കരുതിയേ ഇല്ല. പ്രത്യേകിച്ചുംതാങ്കളെപ്പോലുള്ള എഴുത്തുകാര്‍”

ഓകെ, എന്നാല്‍ അടുത്തത് ഇവള്‍ തന്നെ. അയാള്‍ മനസ്സില്‍ കുറിച്ചിട്ടു. ഉടനെ അടുത്ത കത്തയച്ചു.” എന്റെ വീട്, ഭാര്യ, കുട്ടികള്‍..സന്തുഷ്ട കുടുംബം…”

മറുപടിയ്ക്ക് ഒരു ദിവസം കാത്തു. എങ്കിലും വന്നു..” എനിക്കും ഭര്‍ത്താവ്, കുട്ടികള്‍, സന്തുഷ്ട കുടുംബം..”

അയാള്‍ക്ക് താത്പര്യം വന്നുതുടങ്ങി. നേരെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും പടം അയച്ചുകൊടുത്തു…’ഫാമിലി ഈസ് മൈ  ഗ്രേറ്റെസ്റ്റ് അസ്സെറ്റ്’ എന്ന തലക്കെട്ടും. മാഡത്തിന്റെ ഫാമിലിയെ കുറിച്ച് പറയു. അവള്‍ക്ക് കുടുംബം ജീവനാണ്‌, അതിന്റെ എല്ലാ ഭംഗികളും അയാള്‍ക്കെഴുതി.

രണ്ടുദിവസത്തിനകം അവളും അയച്ചു ഫാമിലി ഫോട്ടൊ.  എഴുത്തുകാരോട് പണ്ടേ അവള്‍ക്ക് ഒരു കുഞ്ഞ് ഇഷ്ടമുണ്ടായിരുന്നുതാനും. അവള്‍ വളര്‍ന്നത് പുസ്തകങ്ങളുടെ കൂടെയാണ്‌. വിപ്ലവത്തിന്റെ പുസ്തകങ്ങള്‍
ഹരം പകര്‍ന്ന ഒരു ക്യാമ്പസ് ജീവിതം ഇന്നും മനസ്സില്‍ ലവലേശം പൊടിപിടിക്കാതെ കിടക്കുന്നു..

അയാള്‍ കഥകളെക്കുറിച്ചും അതിന്റെ പല തലങ്ങള്‍, നര്‍മം, സീരിയസ് മാറ്റേര്‍സ്..എല്ലാം അവള്‍ക്കെഴുതി.
സൗഹൃദങ്ങളെ ഒരിക്കല്‍‌പോലും ശങ്കിക്കാതിരുന്ന അവള്‍ വീണ്ടും അയള്‍ക്കെഴുതുകയായിരുന്നു. നല്ലൊരു സുഹൃത്തിനെക്കിട്ടിയതില്‍ അവള്‍ സന്തോഷിച്ചു.  കഥകളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു..ഇതിനിടയില്‍ അയാള്‍ക്കാവശ്യമുള്ളത് (ഉദ്ദീപനം) ലഭിച്ചുകൊണ്ടേയിരുന്നു. ജീവിതം ഒന്നുകൂടി ഉഷാറായി. ദാമ്പത്യത്തിന്റെ വില എന്തെന്നറിയാത്ത അയാള്‍ വെള്ളമടിച്ച് സുഹൃത്തുക്കളോട് മുഴുവനും സ്വന്തം ദാമ്പത്യ ജീവിതത്തെ തള്ളിപ്പറയുകയും, പിന്നെ പുതിയതായി കിട്ടിയ സുഹൃത്തിനെ പറ്റിച്ചുകൊണ്ടിരിക്കുന്നത് ഡിസ്കസ് ചെയ്തു, ചിരിച്ച് തകര്‍ക്കുകയുമായിരുന്നു.

ഒന്നിച്ചൊരു കഥ എഴുതിയാല്‍ എന്ത് എന്നായി അയാളൂടെ അടുത്ത കത്തില്‍. പക്ഷെ, അതിന്‌ അവള്‍ക്ക് താത്പര്യം ഉണ്ടായിരുന്നില്ല, ഭാഷ തന്നെ പ്രശ്നം, ശൈലികള്‍ തമ്മില്‍ യോജിക്കുന്നില്ല ഒട്ടുംതന്നെ. എന്നാല്‍ ത്രെഡ് ഷേര്‍ ചെയ്യാം എന്നായി അയാള്‍. അവള്‍ ഓകെ പറഞ്ഞു. എന്നാല്‍ അയാളൂടെ ഭാവന മുഴുവനും പൈങ്കിളിസാഹിത്യത്തിന്റെ നൂതനാവിഷ്കാരമായി അവള്‍ക്ക് തോന്നി. ഇതിനോടകം അവളും സ്വന്തമായ ഒരു ശൈലി എഴുത്തില്‍ സ്വീകരിച്ച് കഴിഞ്ഞിരുന്നു. പിന്നീട് എഴുതുന്ന കഥകള്‍ മുഴുവനും അവള്‍ അയാള്‍ക്കയച്ചു, അതില്‍ പ്രസിദ്ധീകരിക്കാത്തവയും പ്രസിദ്ധീകരിച്ചതും ഉണ്ടായിരുന്നു. അയാളും ധാരാളം ചവറുകള്‍ അവള്‍ക്കയച്ചു, അഭിപ്രായം പറയാന്‍ പറഞ്ഞ്. അവള്‍ എല്ലാം വായിച്ച് നിരൂപണങ്ങളും അയച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇതിനിടയില്‍ അയാള്‍ അവള്‍ക്കെതിരെ അപവാദം പറഞ്ഞുതുടങ്ങിയത് അവള്‍ അറിഞ്ഞതേയില്ല. അവളുടെ പേര്‍ ഉപയോഗിച്ച് മറ്റു സ്ത്രീകളോട് ബന്ധപ്പെട്ടിരുന്നതും അറിഞ്ഞില്ല. മറ്റു സുഹൃത്തുക്കള്‍ അകന്നു തുടങ്ങിയതും അവള്‍ അറിഞ്ഞില്ല. അയാളാകട്ടെ, ഉദ്ദീപനത്തിന്റെ പരമകാഷ്ഠയില്‍ പല കൃതികളും എഴുതി പ്രസിദ്ധീകരിക്കുകയും അവളെ ഒരു പ്രോസ്റ്റിറ്റ്യൂട്ട് എന്ന രീതിയില്‍ മറ്റുള്ളവരുടെ മുന്നില്‍ പറഞ്ഞുകൊണ്ടുമിരുന്നു..

യഥാര്‍ത്ഥ സൗഹൃദത്തിന്റെ വിലയറിയുന്ന ചില നല്ല സുഹൃത്തുക്കള്‍ ഇതെല്ലാം തെളിവുകളോടെ അവള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. അവള്‍ ഞെട്ടിപ്പോയി. സൗഹൃദത്തിന്റെ ജാലകങ്ങളിലെ കാണാക്കുരുക്കുകള്‍ കഴുത്തില്‍ മുറുകിത്തുടങ്ങിയത് അവളറിഞ്ഞു. ഒടുവില്‍, സൗഹൃദ ഗുഹയ്ക്ക് വെളിയില്‍ അവള്‍ വലതുകാല്‍ വച്ചിറങ്ങി.  ഒരു ഫ്രെണ്ട്ഷിപ് അവിടെ തീരുന്നു..

അയാള്‍ വീണ്ടും പെണ്‍‌വേട്ടയ്ക്കിറങ്ങി…അടുത്ത ഇര ആരാണ്‌?

——————————————————————————-
മലയാളത്തില്‍ കഥ എഴുതണമെന്ന താത്പര്യംമൂലം എഴുതുന്നതാണ്‌. എഴുതിക്കഴിഞ്ഞ് വായിച്ചു നോക്കിയപ്പോള്‍ ഒരു അസ്സല്‍ പൈങ്കിളിമട്ട്. എങ്കില്പ്പോലും ഇവിടെ ഇടാമെന്നുവച്ചു. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പികമെങ്കിലും സമകാലീനമായ സംഭവങ്ങളോട് സാദൃശ്യം ഉള്ളത് തന്നെ. അക്ഷരതെറ്റുകള്‍ മാന്യവായനക്കാര്‍ പൊറുക്കണം.