Archive for the കവിത Category

തല്ല്‌.

Posted in കവിത on October 28, 2007 by chilamp

തല്ലിപ്പൊട്ടിയ്ക്കുന്നത്
മൂന്നു മാഷുമാരായിരുന്നു,
കണക്ക്, സയന്‍സ് പിന്നെ സോഷ്യലും.
ബുധനാഴ്ച മൂന്നിന്റെയും
പഠിപ്പിയ്ക്കലും”
ഹൊ! വിളിക്കാത്ത ദൈവങ്ങളില്ല,
നേരാത്ത നേര്‍ച്ചകളും.
ക്ലാസു തുടങ്ങും മുന്‍പേ
അസുഖങ്ങളുടെ പെരളിയാണ്‌.
തലവേദന, കൈവേദന
നെഞ്ചെരിച്ചില്‍, പനി..
ഭാഗ്യവാന്‍‌മാര്‍ രക്ഷപ്പെടും.
അല്ലാത്തോര്‌‍ വലയും.
ആദ്യം കണക്കിന്റെ തല്ല്‌
പിന്നെ സയന്‍സ് തല്ല്‌,
ഒടുക്കം സോഷ്യല്‍ തല്ലും.
ആകെ ഒരാശ്വാസം മലയാളം ടീച്ചറായിരുന്നു,
പാവം, ഒരിയ്ക്കലും തല്ലില്ല.
അതുകൊണ്ടിപ്പൊഴെന്താ,
എത്ര കൊണ്ടാലും
പുതിയ തല്ലിനൊന്നും
ആ പഴയ മുറുക്കമില്ല,
നീറ്റലും.

ക്ലോക്ക്.

Posted in കവിത on October 7, 2007 by chilamp

സമയം മുഴുവനും തീര്‍ക്കുന്നത്
ക്ലോക്കാണ്‌.
രാപകലുള്ള നടത്തം
അല്‍‌പനേരമൊന്നു
നിന്നെങ്കില്‍
എന്തൊക്കെ ചെയ്തു
തീര്‍ത്തേനെ?
ഒരു നല്ല കവിതയെഴുതിയേനെ,
ഒരു വല്യ ബുക്ക് വായിച്ചേനെ,
കുറച്ചുനേരമെങ്കിലും
ഒരു നക്ഷത്രത്തിളക്കം കണ്ടേനെ,
‘കറ കറ’ ശബ്ദത്തില്‍
കടമ്മനിട്ടയുടെ ‘കോഴി’
ഉറക്കെ പാടിയേനെ,
കടുത്തയിരുട്ടില്‍
ഒരു കുഞ്ഞുമെഴുതിരി വെട്ടത്തില്‍
കണ്ണാടിനോക്കിയിരുന്നേനെ,
പഴയ സ്കൂള്‍ ഫോട്ടോ
പൊടിതട്ടിയെടുത്ത്
കൂട്ടുകാരുടെ
പേരോര്‍ത്തെടുത്തേനെ,
എന്തുചെയ്യാം..
ക്ലോക്ക് ഒന്ന് നിന്നുതരുന്നില്ലല്ലൊ,
വെടിയുണ്ടപോലെ
പായുകയല്ലെ?

പുരാവൃത്തം.

Posted in കവിത on September 29, 2007 by chilamp

പതിനെട്ടുകാരി വധു,
വിവാഹവസ്ത്രത്തിന്റെ പളപളപ്പില്‍
സര്‍‌വ്വാഭരണ വിഭൂഷിതയായി
തങ്കവിഗ്രഹ സമം,
മന്ദമന്ദം നടക്കുകയാണ്‌..

ചെറിയൊരു കാറ്റിന്റെ കുസൃതി
അലുക്കുകളിട്ട മുഖപടമുയര്‍ത്തി
കണ്ണാടിക്കവിളില്‍ മുത്തമിടാനാഞ്ഞു.
പിന്നെ ഭയന്നു പിന്‍‌വാങ്ങി..
പേടിച്ചു വിറങ്ങലിച്ച്
കണ്ണീരുണങ്ങി, കോടിയമുഖം.

ജനക്കൂട്ടം അവളെയും കാത്തുനില്‍ക്കുകയാണ്‌
അക്ഷമയോടെ,
ക്രൂരമായ മൗനത്തോടെ,
കണ്ണുകളില്‍ തിരയടിക്കുന്ന ആവേശത്തോടെ.
അവളുടെ
ഭര്‍ത്താവിന്റെ ചിതയ്ക്കരികില്‍.

ആരോ നിര്‍ബന്ധിച്ചൊഴിച്ച
ഭാംഗിന്റെ ലഹരി
ഭയം ഒട്ടൊന്നു കുറച്ചുവോ? അറിയില്ല..
മൗനം മുറിച്ച് ജനക്കൂട്ടം ആര്‍ക്കുകയാണ്‌
സതി മാതാ! സതി മാതാ!
ആളുന്ന തീയില്‍ ജീവനോടെ
എരിഞ്ഞമരും മുന്‍പ്
അവസാനത്തെ നോട്ടത്തില്‍
അവള്‍ കേണുവിളിച്ചു..
ഒരു ദൈവവും വന്നില്ല.
ജനം വീണ്ടും ആര്‍ക്കുകയായിരുന്നു
സതി മാതാ! സതി മാതാ!

1987 സെപ്റ്റംബര്‍, മറക്കാനാവില്ല
ഹൃദയത്തില്‍ അല്പം കരുണയുള്ള ആര്‍ക്കും.

പ്രിയപ്പെട്ട രൂപ് കന്‍‌വാര്‍,
ഞങ്ങള്‍ക്ക് മാപ്പുതരിക.

നിശാശലഭം.

Posted in കവിത on September 28, 2007 by chilamp

നിശാനൃത്തശാലയില്‍
ഒരിയ്ക്കല്‍ക്കൂടി
മടുപ്പില്ലാതെ അതിഥികള്‍ ..
അരണ്ടവെട്ടത്തിന്റെ വളയങ്ങളില്‍
ഒരു ട്രപീസ് കളിക്കാരിയെപ്പോലെ
പഞ്ചാബിപ്പെണ്‍കൊടി.
താളം തെറ്റിയ ചുവടുകള്‍
ഇരുള്‍‌‍ച്ചീന്തില്‍  മറച്ചും
കരിഞ്ഞുണങ്ങിയ ചുണ്ടില്‍
വിലകുറഞ്ഞ ചായമിട്ടും,
കരള്‍ പുകച്ച വിലാപങ്ങളെ,
അടക്കിപ്പിടിച്ചും
ജസ്ബിന്ദര്‍ നൃത്തം ചെയ്യുകയാണ്..
ഇഴഞ്ഞുനീങ്ങുന്ന അനേകം കണ്ണുകള്‍ക്ക്
അവളുടെ മുഖം അറിയില്ല.
വിറയാര്‍ന്ന സ്വരത്തില്‍
ഗായകന്‍
മദ്യം മണക്കുന്ന
സിനിമാപ്പാട്ട് പാടുന്നു,
എരിയുന്ന സിഗററ്റ് ഭയന്ന്,
നഖങ്ങളുടെ മൂര്‍ച്ച ഭയന്ന്
ജസ്ബിന്ദര്‍ നൃത്തം ചെയ്യുകയാണ്..

ഗോതമ്പ് വിളഞ്ഞ വയലുകള്‍
ആ പാദസരം കിലുങ്ങുന്നത്
ഇപ്പോഴുമോര്‍ക്കുന്നു,
അവളുടെ ബാല്യം,കൗമാരം.

മടക്കമില്ലാത്തൊരു യാത്രയില്‍
നഗരത്തിലേക്ക് ചേക്കേറി,
യെവിടെയോ നഷ്ടമായവള്‍.
ഓര്‍മ്മകളെ കൊയ്തെടുത്ത്
മറവിയില്‍ കൊരുത്തവള്‍..
നിറമുള്ള ലായനിയില്‍
സ്വപ്നം പതയുമ്പോള്‍,
അറിയാതെ നെഞ്ച് പിടയ്ക്കുന്നുവോ?

ദൂരം.

Posted in കവിത, Uncategorized on September 27, 2007 by chilamp

ജനലടയ്ക്കുവാന്‍ സമയമായെന്ന്
നെഞ്ചിലെ തത്ത..
അടുത്തിരിയ്ക്കെത്തന്നെ
അകലമറിയുന്നതും,
മടുപ്പിന്റെ ചാരം
മൂടി മൂടി
വാക്കിന്റെ കനല്‍ കെടുന്നതും,
തമോമയമീ  വിചാരങ്ങളില്‍
വെറുപ്പിന്റെ
കനപ്പെട്ട കംബളം നിവരുന്നതും,
പ്രിയപ്പെട്ട പക്ഷീ
ഞാനുമറിയുന്നു.

നമുക്കിടയിലെ ശൈത്യം
ഇനിയൊരിയ്ക്കലും
ഉരുകുകയില്ല എന്ന്
ആവര്‍ത്തിച്ചു പാടുകയാണ്
സെപ്റ്റെംബറിന്റെ
കുയിലുകള്‍.
വ്യഥയില്‍
മൗനമാര്‍ന്ന കാറ്റ്
വേര്‍‍പാടുകളുടെ കഥകളോര്‍ത്ത്,
ഒരിലപോലുമനക്കാതെ
പതിയെ നടക്കുന്നു.

വഴികള്‍ പിരിയട്ടെ,
സമാന്തരങ്ങള്‍ പോലുമാകാതെ
എവിടെയെങ്കിലും മായട്ടെ..

ഓര്‍ക്കുവാനേറെയുണ്ടിന്നും.

Posted in കവിത on August 25, 2007 by chilamp

ഓര്‍ക്കുവാനേറെയുണ്ടിന്നും.

ഇരുട്ടിന്റെ പൊത്തില്‍ ,
പെരുക്കുമസഭ്യ വര്‍ഷങ്ങളും,
വയറൊട്ടി വെയില്‍ കാഞ്ഞു,
ശുഷ്കിച്ച മോഹവും..
നിണമിറ്റുവീണ നിലങ്ങളും,
പേടിയാല്‍ രാപ്പനിയേറ്റും
നിശ്ശബ്ദതക്കാമ്പും,
മറുത്തൊന്നു ചൊല്ലാതെ,
നീ പോയ വഴിയില്‍
കനല്‍ ഞാന്ന വെയിലും,
കരിമിഴിയിലുറയും,
തുലാവര്‍‌ഷഘനവും..

ഓര്‍ക്കുവാനേറെയുണ്ടിന്നും..

നിദ്ര

Posted in കവിത on August 17, 2007 by chilamp

 ഉറക്കച്ചടവിന്റെ മേല്‍പാലത്തിലൂടെ,
പതിയെ, കനവിന്റെ പൂച്ച.
അടയാറായ കണ്‍പോളകളില്‍,
തെന്നിവീണ താരാട്ട്‌.

സ്വപ്ന ജാലികയില്‍,
ഒളിഞ്ഞും,
നിഴലിലെ നീലിമയില്‍
തെളിഞ്ഞും,
ഒരു മുഖം.

വേലിയേറ്റത്തിന്റെ നിലയ്ക്കാത്ത,
തള്ളിച്ചയില്‍,
ആദ്യം അഴിമുഖത്തും,
പിന്നെ ആഴിയിലും,
ഊളിയിട്ടിറങ്ങി..

അതായിരുന്നു എനിയ്ക്ക്‌ നിദ്ര..

മുന്നോട്ട്‌.

Posted in കവിത on August 16, 2007 by chilamp

ഇനിവേണ്ട മധുരമീ പാഴ്‌ വാക്കുകള്‍,
ചുടുചോരയൂറുന്ന വെണ്‍ പ്രാവുകള്‍,
കണ്ണീരു വറ്റുന്ന ചെന്തീയിതില്‍,
ഇനി നിന്റെ സൂര്യന്റെ പതനം..

യുദ്ധങ്ങളൊഴിയാത്ത മണ്ണു തന്നു, നീ,
അതിലെന്റെ മക്കളെ കൊന്നെടുത്തു,
തോക്കിന്റെ മുന്നില്‍ പിണച്ചുകെട്ടും,
കൈകള്‍, നോക്കി പ്പറഞ്ഞു സമാധാനം..

കലികൊണ്ട കടലുപോല്‍ അലറിയാര്‍ക്കും,
ഒരു വിപ്ലവത്തിന്റെ സിംഹനാദം,
അതില്‍ നിന്റെ കൊടികളെരിഞ്ഞു താഴും,
അതില്‍ നിന്റെ ചരമക്കുറി നിവരും…