Archive for the Uncategorized Category

ഉണര്‍ച്ചകളില്ലാതെ.

Posted in Uncategorized on August 30, 2007 by chilamp

കുത്തുവാക്കിന്റെ വിഷപ്പല്ലാല്‍,
കടിച്ചുകുടഞ്ഞ്,
രക്തം കിനിച്ച്,
എന്റെ ഉണര്‍ച്ചയെ,
നീ തല്ലിക്കൊഴിച്ചു..

ജ്വരം കൊണ്ടു തുള്ളി,
‘അമ്മേ’യെന്നുണ്ണി,
പതം പറഞ്ഞൊട്ടുമ്പോള്‍,
മറുവശത്ത്,
ആസക്തിയുടെ മൃഗത്തെ,
നീയഴിച്ചുവിടുന്നതെന്തിന്‌?

മിഥ്യാജാലികയില്‍,
തൊലിവെളുപ്പിന്റെ പേക്കൂത്തുകണ്ട്,
അവളെയും മനസ്സിലിട്ട്,
നഗ്നനായി നീ വരുമ്പോള്‍,
എനിക്ക് അറപ്പാണ്‌..

എനിയ്ക്ക് വേണ്ടത്,
നീയും ഞാനും ,
മാത്രമറിയുന്ന ഖനികളാണ്‌,
വിരല്‍ത്തുമ്പിലെ സൂര്യനാണ്‌.
ഇഷ്ടത്തോടെ,
നാഡികളില്‍ പുകഞ്ഞുയരുന്ന,
തീപ്പക്ഷികളെയാണ്‌..

എന്നെയറിയാതെ,
നീ വരുമ്പോഴൊക്കെ,
പറയൂ,
ഞാന്‍ ഉണരുന്നതെങ്ങനെ?

യക്ഷി.

Posted in Uncategorized on August 29, 2007 by chilamp

പാലച്ചോട്ടിലെ യക്ഷി,
ചിന്താകുലയായി പനയിലേക്ക് നടന്നു.
വെറ്റിലയും ചുണ്ണാമ്പും,
തിന്നാതെ,
ചുണ്ട് വിളറി,
രക്തം കുടിക്കാതെ,
വായ് ചവര്‍ത്തു,
കണ്ണിലെ വില്വം,
വാടിക്കൊഴിഞ്ഞു.

ഇനിയെവിടേയ്ക്ക്..
നഗരം നടന്നു കാട്ടിലെത്തി,
മരക്കുറ്റികള്‍,
കത്തിക്കറുത്തു,
മരംകൊത്തികള്‍,
മരണം പുതച്ചു,
കാടെവിടെ..
പനയിലെ യക്ഷി,
അലറിയുറഞ്ഞു,
പലവുരു ദംഷ്ട്രനീട്ടി,
നാവ് നൊട്ടിനുണഞ്ഞു,
വെളിച്ചം കണ്ണില്‍കൊണ്ട്,
ഭയന്നുവിറച്ചു..

ഓണാഘോഷത്തിമിര്‍പ്പില്‍,
പക്ഷേ, അതാരും കണ്ടില്ല.

തെറ്റാലി.

Posted in Uncategorized on August 28, 2007 by chilamp

തെറ്റാലിയില്‍,
ഉരുളന്‍ കല്ലു കൊരുത്ത്,
ആലോചിച്ചു,
ലക്ഷ്യമെവിടെ?

കാട്ടിലേക്ക് തൊടുത്താല്‍,
അറിയാത്തൊരു പക്ഷിയ്ക്ക് നോവും,
മരത്തിനു നോവും,
അണ്ണാന്‍ കുഞ്ഞിനു നോവും..

വീട്ടിലേക്ക് തൊടുത്താല്‍,
അമ്മയ്ക്ക് നോവും,അച്ഛനും,
പിന്നെ.
ഗ്ലാസുകളുടെ ഝില്‍ ഝില്‍..

വെള്ളത്തിലേയ്ക്കായാല്‍,
മീനുകള്‍ ചത്തുപൊങ്ങും,
കക്കകളടരും,
തോട് കലങ്ങും..

എന്നിലേയ്ക്ക് തന്നെ,
തിരിച്ചു പിടിച്ചു..
ഇടംകണ്ണു പൊട്ടി.
എങ്കിലും ചിരിച്ചു..
മസോക്കിസത്തിന്റെ അര്‍ത്ഥമോര്‍ത്ത്..

സ്നേഹം.

Posted in Uncategorized on August 27, 2007 by chilamp

കടമ്പിന്റെ ശാഖിയില്‍,
എന്റെ വസ്ത്രമാണ്‌ നീ ഞാത്തിയിട്ടത്.
 അതിന്റെ ചിത്രത്തുന്നലുകള്‍, പക്ഷെ,
നീ കണ്ടില്ല.

 കുടഞ്ഞിട്ട വാക്കുകളില്‍,
 എന്റെ മുഖത്തെപ്പറ്റിയാണ്‌ നീ പറഞ്ഞത്..
  എന്നാല്‍,
അതിന്റെ ഭാവങ്ങളേതും
നീ അറിഞ്ഞില്ല.

അന്തിക്ക് ആരോ തെളിച്ച
വിളക്ക് കെട്ടപ്പോള്‍,
നീയെന്റെ കൈ പിടിച്ചു..

എങ്കിലും ,
അതിന്റെ ഊഷ്മളമായ സ്നേഹം മാത്രം
നീയറിഞ്ഞില്ല.

കാമത്തിന്റെ കോടി പുഷ്പങ്ങളില്‍,
സ്നേഹത്തിന്റെ പരാഗങ്ങള്‍ ഇല്ല,

നീ തന്നെയാണ്‌ അതെന്നെ പഠിപ്പിച്ചത്..

ടാരോ കാര്‍ഡ് വായനക്കാരി.(Tarot card reader..)

Posted in Uncategorized on August 27, 2007 by chilamp

സൂര്യന്റെ ഇളം‌ചൂടുള്ള രശ്മികള്‍ ഒരു പുതപ്പെന്നപോലെ  ചുറ്റിപ്പിടിയ്ക്കുന്നു. വെള്ള വസ്ത്രമണിഞ്ഞ ‍ഐറിസ് ഒരു നൃത്തക്കാരിയുടെ അംഗചലനങ്ങളോടെ കട ലക്ഷ്യമാക്കി നടന്നു..അവളുടെ ചുണ്ടുകളില്‍ മുത്തച്ഛനോടുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉരുക്കഴിഞ്ഞു. പിതാവായ ജോസഫിന്റെ നാമത്തിലുള്ളവനായിരുന്നു മുത്തച്ഛന്‍, കാര്‍ഡുകളുടെ ഒരു വന്‍‌ശേഖരം സ്വന്തമായുണ്ടായിരുന്നവന്‍. മരിയ്ക്കും മുന്‍പ് ആ അമൂല്യ ശേഖരം അവള്‍ക്ക് കൈമാറുകയും ചെയ്തു. ഐറിസിനു ടാരോ കാര്‍ഡ് വായിച്ച് ത്രികാലങ്ങളെയും പ്രവചിക്കുവാനുള്ള വിദ്യ പറഞ്ഞുകൊടുത്തത് അദ്ദേഹമായിരുന്നു. ചെറിയകുട്ടിയായിരിയ്ക്കെത്തന്നെ  കാര്‍ഡുകളുടെ കെട്ടുകള്‍ അവള്‍ക്ക് കൗതുകം പകര്‍ന്നു.  അതിലെ ഓരോ ചിത്രവും അവള്‍ കണ്ണിലും മനസ്സിലും ഒരുപോലെ പതിപ്പിച്ചെടുത്തു..പിന്നെ ഒരു ജാലവിദ്യക്കാരനെപ്പോലെ ജോസഫ് അതിന്റെ അര്‍ത്ഥങ്ങള്‍ നിര്‍‌വചിക്കുന്നത് അത്ഭുതത്തോടെ കേട്ടു നിന്നു. ഭാവിയുടെ അന്വേഷകര്‍ മുത്തച്ഛനു സമ്മാനമായി  കൊണ്ടുവന്നിരുന്നത് മുന്തിയതരം വീഞ്ഞോ, നല്ലയിനം കാളയുടെ ഇറച്ചിയോ, പഴങ്ങളുടെ സത്തോ, പല നിറങ്ങളിലുള്ള ഗോലികളോ, പുകയില നിറച്ച പൈപ്പുകളോ ഒക്കെ ആയിരുന്നു. പ്രതിഫലമായി  ആരോടും ഒന്നും ആവശ്യപ്പെട്ടിരുന്നില്ല മുത്തച്ഛന്‍, എങ്കിലും ആളുകള്‍ക്ക് അദ്ദേഹത്തോട് അങ്ങേയറ്റം ആദരവായിരുന്നു.

അവള്‍ നടത്തം തുടര്‍ന്നു..മൂന്നാമത്തെ തെരുവിന്റെ ഇടതുവശത്താണ് അവളുടെ കട. അപൂര്‍‌വമായ നിറങ്ങള്‍ മിക്സ് ചെയ്ത ചിത്രപ്പണികളുള്ള ഒരു പ്രത്യേകതരം കര്‍ട്ടന്‍ തൂക്കിയിരിക്കുന്നത് ചില്ലിനകത്തുകൂടി വ്യക്തമായി കാണാം. പഴയ വാതിലുകള്‍ക്ക് ഭംഗി തീരെയില്ല. എങ്കിലും  ദിവസവും അനേകമാളുകള്‍ അവിടെ അവളെ  കാത്തുനില്‍ക്കാറുണ്ട്. അവര്‍ അവളുടെ വിരല്‍ത്തുമ്പില്‍ പലയാകൃതിയിലും വിരിയുന്ന കാര്‍‌ഡുകളില്‍ നിന്നും ഒന്നോ രണ്ടൊ പെറുക്കിയെടുത്ത്  നല്‍കുന്നു, പിന്നീട് അക്ഷമരായീ അവളുടെ ശബ്ദത്തിന്‌ കാതോര്‍ക്കുന്നു.  ചെറിയൊരു കിളിയൊച്ചയില്‍ അവള്‍ അവരുടെ ഇപ്പോഴത്തെ അവസ്ഥ, ഭാവി, എല്ലാം വ്യക്തമാക്കുന്നു. അവിടെ നേരമ്പോക്കുകളില്ല, ഭാവിയറിയാനുള്ള ഭയം മാത്രം.ഒന്നാമനോട് സംസാരിക്കുമ്പോള്‍ മറ്റുള്ളവരെല്ലാം നേര്‍ത്തൊരു കര്‍ട്ടനു പിന്നില്‍ ചെവി കൂര്‍പ്പിച്ച് ഊഴം കാത്തിരിയ്ക്കും. ഈ പതിവ് മൂന്നുവര്‍ഷത്തോളമായി യാതൊരു മാറ്റവുമില്ലാതെ തുടരുന്നു.

അലക്സ് എവിടെയെന്ന് അവള്‍ പരതി. കാമുകനാണ്‌, സുഗന്ധദ്രവ്യങ്ങള്‍ കച്ചവടം ചെയ്യുന്നവന്‍. ആദ്യമായി അവളുടെ ചുണ്ടില്‍ ചുംബിച്ചവന്‍. ലോകത്തിലെ എല്ലാ സുഗന്ധങ്ങള്‍ക്കുമിടയില്‍ സ്വന്തം ഗന്ധം നഷ്ടപ്പെട്ടവന്‍..
അലക്സ്, അലക്സ്..നീയെവിടെ? 

അവള്‍ കടയുടെ മുന്നിലെത്തി. ചെറുപ്പക്കാര്‍ മുതല്‍ പ്രായമേറിയവര്‍ വരെ അവളെക്കണ്ട് ആദരവോടെ എഴുന്നേറ്റു. ഓരോ മുഖങ്ങളിലും ഓരോ പ്രശ്നങ്ങളുടെ നിഴലുകള്‍ അവള്‍ തിരിച്ചറിഞ്ഞു.” ഐറിസ് ..നീയിത്ര വൈകിയതെന്ത്? അവര്‍ ചോദിച്ചുതുടങ്ങി. ഒന്നും മിണ്ടാതെ അവള്‍ ഒരു നിമിഷം കണ്ണടച്ച് മുത്തച്ഛനായ ജോസഫിനെ മനസില്‍ ധ്യാനിച്ചു. പിന്നെ ആ കടയുടെ ഒത്തനടുവില്‍ അലങ്കരിച്ചിട്ടിരിക്കുന്ന മേശയ്ക്ക് അഭിമുഖമായിരുന്ന്‌ ആദ്യത്തെ ആളെ വിളിച്ചു.

സോളമന് ഇരുപതിനോടടുത്ത പ്രായം കാണും.വെട്ടിയൊതുക്കിയ മീശ. അയാള്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി. എത്ര ഭംഗിയുള്ളവയെന്നു മനസ്സില്‍ ഓര്‍ത്തു. അയാള്‍ പറഞ്ഞുതുടങ്ങി.
സ്വപ്നങ്ങള്‍..വിചിത്രമായ സ്വപ്നങ്ങളാണ്‌ എപ്പോഴും കാണുന്നത്. ചിലപ്പോള്‍ രാത്രി ഞെട്ടിയുണരുന്നു, പിന്നെ ഉറങ്ങാനേ കഴിയുന്നില്ലല്ലൊ. ചിലപ്പോള്‍ ഒരു മിസ്റ്റിക് ആയ സിനിമ കാണും പോലെ.  പ്രത്യേക ചിഹ്നങ്ങളുള്ള സ്വപ്നം. താന്ത്രിക കളങ്ങളില്‍ കാണും പോലെ ചില ചിഹ്നങ്ങള്‍.
“വരയ്ക്കാമോ” അവള്‍ ചോദിച്ചു.
അയാള്‍ കടലാസും പെന്‍സിലും കയ്യിലെടുത്തു, നേര്‍ത്തൊരു ഭയം ആ മുഖത്ത് ദൃശ്യമായി. കടലാസില്‍ ഒരു വൃത്തം , പിന്നെ നക്ഷത്രങ്ങള്‍. കസേരയിലിരിക്കുന്ന ഒരു സ്ത്രീ. ഇത്രയും വരച്ച് ആ കടലാസ് അവള്‍ക്ക് നീട്ടി. അവള്‍ അവ ഓരോന്നായി പരിശോധിച്ചു.. പിന്നീട് ഒരു സെറ്റ് കാര്‍ഡുകള്‍ എടുത്ത് മേശപ്പുറത്തിട്ടു.
(തുടരും)

ഓണം.

Posted in Uncategorized on August 26, 2007 by chilamp

തുമ്പപ്പൂവില്ല,
തുളസിക്കതിരില്ല,
തൂശനിലയില്ലാതോണം.

പൂക്കളമില്ല,
പുള്ളുവന്‍ പാട്ടില്ല,
ആര്‍പ്പു വിളിയില്ലാതോണം.

ചാനലില്‍ താരങ്ങള്‍,
തെറ്റിച്ചു ചൊല്ലുന്ന,
ഭാഷയാണിന്നെന്റെയോണം.

സീഡിയില്‍, കസെറ്റില്‍,
നാദിര്‍ഷ പാടുന്ന,
ഓണപ്പാട്ടാണെന്റെയോണം..

ടിവി, സിനിമാ നടികള്‍,
സം‌യുക്തമായ്,
കീറിപ്പറിച്ചെന്റെയോണം..

കള്ളിലും ചാരായവാറ്റിലും,
മുങ്ങിയ,
പറ്റിലാണിന്നെന്റെയോണം..

എങ്കിലുമോര്‍ക്കുന്നു,
മാബലിയെ,
മണ്ണിനന്യനല്ലാത്ത മഹാപ്രഭുവെ..

തെരുവ്.

Posted in Uncategorized on August 24, 2007 by chilamp

 നീളന്‍ കുപ്പായക്കൈകള്‍ തെറുത്തുകയറ്റി സെലീനാബായ് ചൂടിക്കട്ടിലില്‍ നിന്നും എഴുന്നേറ്റു. വായില്‍ നിറഞ്ഞ മുറുക്കാന്‍ തുപ്പല്‍ ഇടതുവശത്തുള്ള മരച്ചുവട്ടിലേക്ക് നീട്ടിത്തുപ്പി. ആ കണ്ണുകള്‍ ചുവന്നുതുടുത്ത് വല്ലാത്തൊരു ഭാവം‌പകര്‍ന്നിരിക്കുന്നു. വിരല്‍ മടക്കി കണക്കുകൂട്ടി,
“അബ്ദു വന്നില്ലെ’? എന്ന ചോദ്യം.
ഉത്തരം പറഞ്ഞത് ഷാന്‍ ആണ്‌.
“ഇല്ല ബായ്”
“അവനെന്തെങ്കിലും പറ്റിയോ എന്തോ, വരേണ്ട സമയം കഴിഞ്ഞു” അവര്‍ തുടര്‍ന്നു..
“നീ പോയി നോക്ക്, ബീച്ചിലെ ഇടത്തില്‍”..
“ഉം” അവന്‍ തലകുലുക്കി.

” സൂക്ഷിക്കണം..പെറ്റ തള്ളയെ ചതിക്കുന്നവന്‍മാരാണ്‌, അറിയാമല്ലൊ…ഉരു എടുത്ത് അവനേം കൂട്ടി വാ..”

ശരിയെന്ന് സമ്മതിച്ച് ഷാന്‍ പോയി.

പരിമളാ..അവരുറക്കെ വിളിച്ചു..
പരിമളയെന്ന ഹിജഡ അവര്‍ക്കുമുന്നിലെത്തി വിനയത്തോടെ നിന്നു..

“രിഹാലിനെ ഇതുവരെ കിട്ടിയില്ല.. ആ നശിച്ചവന്‍ രക്ഷപ്പെട്ടു, ഇപ്രാവശ്യവും..”
സംസാരിച്ചുകൊണ്ടിരിയ്ക്കെത്തന്നെ ഒരു പാന്‍ കൂടി സെലിനാബായ് വായിലേക്ക് തള്ളി.
പരിമള ഒന്നും മിണ്ടാതെ വെറുതെ തലയാട്ടി. ബായ് സ്വന്തമായി ബിസിനസ് തുടങ്ങിയതുമുതല്‍ കൂടെയുള്ള ആളാണ്‌ പരിമള. ഹിജഡത്തെരുവിലെ ഉത്സവത്തിനിടയില്‍ ആരുടെയോ കൊലക്കത്തിയ്ക്കുമുന്നില്‍ നിന്നും ഓടിരക്ഷപ്പെട്ട് ബായ് യുടെ താവളത്തില്‍ ചെന്നുപെട്ടതു മുതല്‍ ഇന്നുവരെയും ബായ്‌യുടെ എല്ലാ കാര്യങ്ങളും കൃത്യമായി അറിയുന്ന ഒരേയൊരാളാണ്‌ പരിമള. അത്രമേല്‍ വിശ്വസ്തയും. ആജാനുബാഹുവെങ്കിലും ബായ്ക്കെന്തെങ്കിലും ഒരു വിഷമം വന്നാല്‍ പൊട്ടിക്കരയും പരിമള. എല്ലാ നഖങ്ങളിലും ചായംതേച്ചിട്ടുണ്ട്. രണ്ടുകയ്യിലും നിറയെ കുപ്പിവളകള്‍. വൃത്തിയായി വെട്ടിയൊതുക്കിയ പുരികം, കരിയെഴുതിയ മിഴികള്‍. യാതൊരു  മേയ്കപ്പിനും മറക്കാനാകാത്ത പൗരുഷവും.

“അവനെ വിടരുത്..ചതിയ്ക്ക് ചതി”  ബായ് തുടര്‍ന്നു
.
“എന്തു ചെയ്യണം”..പരിമള.

“ഇനി അവന്‍ എഴുന്നേറ്റു നില്‍ക്കരുത്..” ബായ് യുടെ കണ്ണില്‍ തീക്കനലുകള്‍.

“ഉം, മനസ്സിലായി”.. ഹിജഡയുടെ മുഖം വലിഞ്ഞുമുറുകി..അവള്‍ എഴുന്നേറ്റ് സാരിത്തുമ്പെടുത്ത് മുന്നില്‍ കെട്ടിവച്ച് ആഞ്ഞുനടന്നു..

രിഹാല്‍ ഗ്രാമത്തില്‍ നിന്നും പെണ്‍‌കുട്ടികളെ ജോലിവാഗ്ദാനം ചെയ്ത് ഇവിടെകൊണ്ടുവന്ന്‌ തെരുവുകളില്‍ വില്‍‌ക്കുന്ന ഏജന്റ് ആണ്‌. പലപ്പോഴായി ബായ്‌ യുടെ കയ്യില്‍ നിന്നും വന്‍‌തുകകളാണ്‌ കടം വാങ്ങിയിട്ടുള്ളത്. പറഞ്ഞ സമയം കഴിഞ്ഞ് പിന്നെയും മാസങ്ങള്‍ കടന്നുപോയി. ബായ് ആരാണെന്ന് അവന്‌ അറിയില്ല ശരിയ്ക്കും, അല്ലെങ്കിലും ഇനി അറിഞ്ഞിട്ട് എന്തുകാര്യം..പരിമളയുടെ കണ്ണില്‍ വന്യമായൊരു ഭാവം തെളിഞ്ഞുവന്നു.

പ്രതീക്ഷിച്ചതുപോലെ തന്നെ അവനെ കണ്ടു, പുതിയൊരു പെണ്‍‌കുട്ടിയുടെ കൂടെ. തെരുവിന്റെ ഓരത്തുള്ളൊരു റെസ്റ്റോറന്റിന്റെ മുന്നില്‍. ഇരയെ കണ്ട പുലിയുടെ ക്രൗര്യം ഹിജഡയ്ക്ക്. രിഹാല്‍ പരിമളയെ കണ്ടില്ല. ഹിന്ദിയില്‍ തമാശകള്‍ പറഞ്ഞ് ചിരിക്കുകയാണ്‌ പെണ്‍കുട്ടിയോടോപ്പം. ഒടുവില്‍  കുറെ സമയത്തിനു ശേഷം, അയാള്‍ റെസ്റ്റോറന്റിന്റെ ബാത്റൂമിലേക്ക് നടന്നു. മിന്നായം പോലെ കടന്നുവന്ന ചുവന്നസാരിക്കാരിയെ അയാള്‍ ശ്രദ്ധിച്ചില്ല. കൈ കഴുകി കണ്ണാടിയില്‍ നോക്കുമ്പോള്‍ പിന്നില്‍ പരിമള.
രിഹാല്‍ ഞെട്ടിത്തെറിച്ചു. നിലവിളി ലോകമറിയും മുന്‍പേ തൊണ്ടയില്‍ മരിച്ചു. സുഷു‌ംനയുടെ ഒരു പ്രത്യേക ഭാഗത്ത് പരിമള കാല്‍മുട്ടമര്‍ത്തി, കശേരുക്കളുടെ കിരു കിരു ശബ്ദം, ഹിജഡ അലറി.. വെട്ടിയിട്ട മരം‌പോലെ രിഹാല്‍ താഴെ വീണു. ബാത്‌റൂമിന്റെ കതക് ചേര്‍ത്തടച്ച് , വെളിയില്‍ ഇറങ്ങിയ ചുവന്ന സാരിക്കാരി, ആ പെണ്‍കുട്ടിയെ നോക്കി കണ്ണിറുക്കി ചിരിച്ച്  തിരിച്ച് നടന്നു. പെണ്‍‌കുട്ടി ഭക്ഷണം കഴിക്കുകയാണ്‌, ഒന്നുമറിയാതെ, ചതിക്കുഴികളുടെ നീളമോ ആഴമോ ഒന്നുമറിയാതെ.

സെലീന ബായ് യുടെ കഥയും വ്യത്യസ്തമല്ല.ബീഹാറിലെ ഒരു ഗ്രാമത്തില്‍ നിന്ന്‌ വിവാഹിതയായി മുംബൈയ്ക്ക് വന്നവള്‍..ഭര്‍ത്താവ് ഒരാഴ്ചത്തെ ദാമ്പത്യത്തിനു ശേഷം തെരുവില്‍ വിറ്റുകളഞ്ഞവള്‍.
കൊണ്ടും കൊടുത്തും ഒടുവില്‍ അധോലോകത്തിന്റെ വഴികളിലെത്തിച്ചേര്‍ന്നവള്‍.

കിതപ്പകറ്റാന്‍ പരിമള, തെരുവിലെ ഒരു ചുവര്‍ ചാരിനിന്നു. ഒരു ജാഥ കടന്നുവരുന്നുണ്ട്. ഏതോ രാഷ്ട്രീയപ്പാര്‍ട്ടിയുടെ ജാഥ. പിന്നീടവള്‍ നടന്ന്‌ താവളത്തിലെത്തി. ബായ്ക്ക് സന്തോഷം.അബ്ദു തിരിച്ചെത്തിയിരിക്കുന്നു. ഇത്തവണ ബിസിനെസ് കേമമാണ്‌. രാത്രിയില്‍ ഒരു വിരുന്ന് നടത്താമെന്ന്‌ സമ്മതിയ്ക്കുകയും ചെയ്തു..പരിമളയുടെ സന്തോഷത്തിനായി ഒരു നൃത്തവും..

തെരുവിന്‌ എത്രയെത്ര കഥകളാണ്‌ പറയാനുള്ളത്…

ഡ്രീംസ്.

Posted in Uncategorized on August 22, 2007 by chilamp

സ്വപ്നങ്ങള്‍ ഇതള്‍ നിവര്‍ന്നതിങ്ങനെ..

ഒരു പെണ്‍‌കുട്ടി,
ഇന്‍ഡ്യയുടെ കൊടിയും പിടിച്ച്,
ചങ്കുറപ്പോടെ നടന്നുപോകുന്നു.
പുലഭ്യം പറയുന്ന അധമന്‍മാരെ,
കാറിത്തുപ്പുന്നു.
അവള്‍ അമ്മയ്ക്ക് തുണയാണ്‌,
അച്ഛന്‌ തണലും..
സഹോദരന്‌ വഴികാട്ടിയും..

കാമക്കണ്ണുകളുടെ,
മുനയൊടിക്കുന്ന വീര്യം,
കാല്‍‌തെറ്റി വീണവര്‍ക്ക് ഒരു കൈത്താങ്ങ്,
ലക്ഷ്യബോധമുള്ള ചുവടുകള്‍,
ജീവിതത്തഴമ്പ് വീണ മിഴികള്‍,
അവളാണു പ്രതീക്ഷ..
അവളാണ്‌ ഭാവിയും..
എനിക്ക് കഴിയാതിരുന്നത്,
അവള്‍ക്ക് കഴിയും..

നോക്കിനില്‍ക്കെ,
അവള്‍ രണ്ടും മൂന്നും,
പത്തും പതിനായിരവുമായി..
കടല്‍‌തിരപോലെ  അനേകമായി…
നിന്റെ കയ്യില്‍ എന്റെ നാട് സുരക്ഷിതം.
ഇനി നിന്റെ  നാളുകള്‍..

ഈ സ്വപ്നം സഫലമാകട്ടെ..
ഇന്നും എന്നും..
 

ടൈറ്റാനിക്

Posted in Uncategorized on August 19, 2007 by chilamp

ഒരു കപ്പല്‍ച്ചേതം,
വെറുമൊരു പ്രണയത്തിലൊതുങ്ങി,
ആര്‍ത്തനാദങ്ങളുടെ പ്രതിധ്വനി,
മഞ്ഞുകട്ടകള്‍ മിണ്ടാതെയുമിരുന്നു..
ഓര്‍മയിലെ രോദനം,
നായികയുടെ തൊലിയില്‍ പൊലിഞ്ഞു..
ആയിരം തൊണ്ടകളുടെ നിലവിളി,
സെലിന്‍ ഡിയോണിന്റെ പ്രണയഗാനമായി.
ടൈറ്റാനിക്കിന്റെ സ്മരണ,
ഡെക്കില്‍ കൈവിരിച്ചു നില്‍ക്കുന്ന മിഥുനങ്ങളുടേതായി..
കപ്പലിനൊപ്പം മുങ്ങിച്ചത്ത ക്യാപ്റ്റനു,
വെള്ളിത്തിരയില്‍  രണ്ടു മിനിറ്റ്..

കഷ്ടം.
ഓസ്കാറില്‍ ഒടിഞ്ഞുപോയത് എത്ര സത്യങ്ങളാണ്‌.

മനസ്സ്.

Posted in Uncategorized on August 19, 2007 by chilamp

കാലമെത്രകഴിഞ്ഞാലും,
അജ്ഞാതമായ തുരുത്ത്..
മുഖം‌മൂടികളുടെ
ഒഴിയാത്ത ശേഖരം,
വാവലും നരിച്ചീറും പറക്കുന്ന,
ഭയാനകമായ ഗഹ്വരം..

ആസക്തിയുടെ ചായക്കൂട്ടുകള്‍,
പേരറിയാത്ത വഴികള്‍,
വിളക്കെരിയുന്ന
ഒരു എഴുത്തുമേശ..
സ്വാര്‍ത്ഥ മോഹങ്ങളുടെ,
സ്ഫടികപ്പാത്രങ്ങള്‍.
ആത്മാര്‍ത്ഥതയുടെ
ഉണങ്ങിയ ഒരു നദി..

ഇതല്ലാതെ എന്തുണ്ട് നിര്‍വചനം മനസ്സിന്‌??