റോസ്മേരി പറയുന്നത്‌.

Posted in Uncategorized on September 21, 2007 by chilamp

സെപ്റ്റംബറിലെ മഴയുടെ കുളിരുള്ള ഒരു വൈകുന്നേരം, പെന്‍ ബുക്സിന്റെ ശാഖയിലേക്ക് വെറുതെ ഒന്ന് കയറിപ്പോയത് വെറുതെയായില്ല. ഇരു വശങ്ങളിലും അടുക്കുതെറ്റാതെയും പുതുമണം മാറാതെയുമിരുന്ന പുസ്തകങ്ങള്‍ക്കിടയില്‍ കടും ചുവപ്പിന്റെയും ഓറഞ്ച് നിറത്തിന്റെയും മിശ്രിതത്തില്‍ മനോഹരമായിരുന്ന ഒരു പുറംചട്ട ശ്രദ്ധയില്‍ പെട്ടു. എടുത്തു നോക്കുമ്പോള്‍ റോസ്മേരിയുടെ ‘വേനലില്‍ ഒരു പുഴ’. ഇരുപത്തിമൂന്നു കവിതകളുടെ സമാഹാരമായിരുന്നു ആ ചെറിയ പുസ്തകം. വളരെ സുതാര്യമായ കവിതകള്‍. കഠിനമായ പദപ്രയോഗങ്ങള്‍ നിറഞ്ഞ  കവിതകളില്‍ പലതിന്റെയും അര്‍ത്ഥം മനസ്സിലാകാത്ത, സാധാരണക്കാരനായ ഒരു വായനക്കാരന്‌ പൂര്‍‌ണമായും സംതൃപ്തി പകരുന്ന ഒരു കവിതാ ശൈലിയാണ്‌ റോസ്മേരിയ്ക്കുള്ളത്. ആമുഖത്തില്‍ പറയുന്നപോലെ “അതിരുകളില്ലാത്തതും അനന്തവുമായൊരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌ റോസ്മേരിയുടെ കവിതാപ്രപഞ്ചം.”

അതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കവിതയേത് എന്നൊരു ചോദ്യമുണ്ടായാല്‍ തീര്‍ച്ചയായും ‘ഈ രാവ് എന്ത് തന്നു’ എന്ന മറുപടിയാവും കൊടുക്കുക. ആ കവിത ഒരു സ്ത്രീയുടെ പരമമായ സ്വാതന്ത്ര്യത്തിന്റെ ശംഖനാദമുയര്‍ത്തുന്ന ഒന്നാണ്‌. തുടക്കം ഇങ്ങനെ ..

സ്ത്രീയേ!
ഈ രാവ്
നിനക്കെന്തു തന്നു?
ഉത്കടമായ സങ്കടത്തെ തന്നു
കടലോളം കണ്ണീര്‍ തന്നു..

മഹാസങ്കടത്തിന്റെ ഈ രാവ് നീയെങ്ങനെ തരണം ചെയ്യും എന്ന് കവി ചോദിക്കുന്നു. മാത്രമല്ല, ഉറക്ക ഗുളികയുടെ കരിമ്പടത്തിനടിയില്‍ ഒരു തുലഞ്ഞ നിദ്രയിലേക്ക് കൂപ്പുകുത്തുവാനാണോ അല്ലെങ്കില്‍ മാര്‍ട്ടിനിയുടെ ചുവന്ന സമുദ്രത്തില്‍ സങ്കടത്തെ മുക്കിക്കൊന്ന് ഓര്‍മകളേതുമില്ലാത്ത ഒരുറക്കത്തിലേയ്ക്ക് ഒളിച്ചുപോകുവാനാണോ ഇഷ്ടമെന്ന് വേവലാതിപ്പെടുന്നു. 

സ്ഫടികക്കോപ്പയില്‍ പകര്‍ന്നെടുത്ത കയ്പുനിറഞ്ഞ സങ്കടം നുണഞ്ഞ് അത് സിരകളില്‍ പടര്‍ത്തി സ്ത്രീ ഉറക്കത്തിലേക്ക് വഴുതിവീഴുന്നു. ഒടുവില്‍ ചോരത്തുള്ളികള്‍ ഇറ്റുവീഴുന്ന ഒരു രാവിനുശേഷം അവള്‍ ഉറക്കമുണരുന്നത് സ്വയം പ്രഖ്യാപിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഒരു പുലര്‍ച്ചയിലേക്കാണ്‌. തടവറകളെല്ലാം ഭേദിച്ച സ്ത്രീ സൂര്യനഭിമുഖമായി നടന്നു പോകുന്നു. കണ്ണുകള്‍ നക്ഷത്രങ്ങള്‍, മുടിയിഴകളില്‍ അഗ്നിസ്ഫുലിംഗങ്ങള്‍. കത്തുന്ന കനലിനു മീതെ നടക്കുന്ന അവള്‍ക്ക് പുരുഷാരം വഴിയൊരുക്കുകയാണ്‌. തലയുയര്‍ത്തിപ്പിടിച്ച് ഭൂമിയുടെ മറ്റേയറ്റത്തേക്ക്, ചക്രവാളത്തിനുമപ്പുറത്തേയ്ക്ക് ഒറ്റയ്ക്ക് അവള്‍ നടക്കുകയാണ്‌.

രണ്ടായിരത്തി രണ്ടാമാണ്ടില്‍ പ്രസിദ്ധീകരിച്ച ഈ കവിതയ്ക്ക് ഇന്നിന്റെ ചിന്തകളിലും തീര്‍ച്ചയായും സ്ഥാനമുണ്ട്. എല്ലാവിധ കഷ്ടതകളില്‍നിന്നും സങ്കടങ്ങളില്‍ നിന്നും സ്ത്രീ മുക്തയാകണമെന്ന് കവിയെപ്പോലെ വായനക്കാരും  ആഗ്രഹിച്ചുപോകുന്നു. അതിനുള്ള ഉള്‍ക്കരുത്ത് സ്ത്രീയ്ക്ക് ലഭിക്കട്ടെ.

Advertisements

സഹോദരിയ്ക്ക്.

Posted in Uncategorized on September 18, 2007 by chilamp

ചോരപ്പാടുവീണ
തിരുവസ്ത്രത്തിന്റെ തടവില്‍ നിന്നും,
സ്വര്‍ഗത്തിന്റെ പടിചവിട്ടിയ
മാലാഖക്കുഞ്ഞിന്‌..

മുറിയാത്ത മൗനവ്രതങ്ങളും,
എണ്ണമറ്റ കുര്‍ബാനകളും
മരണത്തിന്റെ വെയില്‍‌ച്ചൂടില്‍
നിനക്കായൊരു
തണല്‍ തരാതെപോയതും

പിശാചിന്റെ ഗര്‍ജ്ജനങ്ങളീല്‍
ഭയന്ന്, നിന്റെ
കണ്ഠനാളത്തില്‍‌ പിടഞ്ഞുയര്‍ന്ന
നേര്‍ത്ത കിളിയൊച്ചകള്‍
അരമനകളിലെത്തും‌മുന്‍പേ
തളര്‍ന്നൊതുങ്ങിയതും

ഇരുളിലൊരു കിണറിന്റെ,
തണുത്ത ഗര്‍ഭാശയത്തില്‍,
ചേതനയടരാനൊരുങ്ങവേ
 നീ അലറിക്കരഞ്ഞതും
നിയമത്തിന്റെ തുലാസുകള്‍
അറിയാതെ പോയെന്നോ..

എന്റെ സഹോദരി..
കുരിശിലേറിയവന്റെ
മണവാട്ടിയുമായവളെ,
കപടസദാചാരത്തിന്റെ
കാവലാളുകള്‍ക്ക്
നിന്റെ സ്വപ്ങ്ങളും
ശുദ്ധിയും മനസ്സിലാകാതെപോയി.

ഈ ഹൃദയത്തിന്റെ
ഉള്ളറകളിലെന്നും
നീ നിറഞ്ഞുനില്‍ക്കട്ടെ..
മനസ്സ് മരവിക്കാത്തവര്‍
ഇനിയും, ഒന്നിച്ച്
നിനക്കായ് ശബ്ദമുയര്‍ത്തട്ടെ..

ഭ്രമം.

Posted in കഥ on September 17, 2007 by chilamp

പാടവരമ്പത്ത് വെയില്‍ തിളച്ചുകിടന്നു.  മനസ്സിനെ തന്നിഷ്ടത്തിനു മേയാന്‍ വിട്ടതുകൊണ്ടാവും , വിയര്‍ത്ത് കുളിച്ചെങ്കിലും അനിരുദ്ധന്‍ പുറത്തെ ചൂടറിഞ്ഞില്ല. പിന്നെ എപ്പോഴൊക്കെയോ വീശിത്തണുപ്പിച്ച ഒരു ചെറിയ കാറ്റിനോടുള്ള പ്രതിപത്തിയും. കൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍ വരണ്ടുണങ്ങി വിണ്ടുകീറിയിരിയ്ക്കുന്നു. മീനമാസം ആളിക്കത്തുന്നത് കരിഞ്ഞ പുല്‍ക്കൊടികള്‍ വിളിച്ചു പറഞ്ഞു. കൊന്നകള്‍ കാലം‌തെറ്റി പൂത്തു കൊഴിഞ്ഞിരിയ്ക്കുന്നു. ഒരു മഴയ്ക്കായുള്ള കാത്തിരിപ്പ് ഇനിയുമെത്രനാള്‍ .അയാള്‍ നടത്തത്തിനു വേഗം കൂട്ടി.

മൈഥിലിയുടെ വീട്ടിലേക്ക് ഇനിയും നടക്കണം, ഏകദേശം ഒന്നൊന്നര ഫര്‍ലോങ് കൂടി. കഴിഞ്ഞപ്രാവശ്യം  കാണുമ്പോള്‍ അവള്‍ ഷോക് ട്രീറ്റ്മെന്റിനു ശേഷമുള്ള വിശ്രമാവസ്ഥയിലായിരുന്നു. കടുത്ത ശൂന്യത നിറഞ്ഞ,  മരണപ്പെട്ട കണ്ണുകളെ ഓര്‍മ്മിപ്പിച്ച ആ മിഴികള്‍ക്കു ചുറ്റിലും വലിയ കറുത്ത വളയങ്ങള്‍. തലമുടിയപ്പാടെ വെട്ടിച്ചുരുക്കിവച്ച് ഒരു നിത്യരോഗിയെപ്പോലെ.

അവള്‍ക്ക് വേണ്ടി എന്താണ്‌ വാങ്ങിക്കൊണ്ട് പോകേണ്ടത് എന്നതിനെപ്പറ്റി അധികം ചിന്തിച്ച് തല പെരുപ്പിയ്ക്കാന്‍ അയാള്‍ തയാറല്ല. കാരണം അവള്‍ ഒരു ഭ്രാന്തിയാണെന്നത് തന്നെ. ഭ്രാന്ത് എന്നാലെന്ത്, എന്നു ചിന്തിച്ച് വശംകെട്ട് ഉറക്കം കളഞ്ഞ ദിവസങ്ങളുമുണ്ടായിരുന്നു. അവള്‍ കോളജില്‍ തന്നോടൊപ്പം ചേര്‍ന്ന കാലയളവില്‍  മനസ്സില്‍ തോന്നിയ അതിരുകടന്ന ആസക്തി, തന്നെയും ഭ്രാന്തിന്റെ വക്കോളമെത്തിച്ചിരുന്നു എന്നത് അയാള്‍ ഓര്‍ത്തു.  ഫിസിക്‍സ് ലാബിന്റെ ചുവരുകളീല്‍ അവളുടെ ചിരി അലയടിച്ചപ്പോഴൊക്കെ അവളെ സ്വന്തമാക്കി എവിടെയെങ്കിലും ഒളിപ്പിക്കണമെന്ന് അയാള്‍ കരുതിയതാണ്‌.
വേറെയാര്‍ക്കും വിട്ടുകൊടുക്കാന്‍ വയ്യ എന്ന തോന്നല്‍.

കയ്യിലെ ഗ്ലാസ്പുഷ്പങ്ങള്‍ കൊണ്ടുള്ള പൂങ്കുല അയാള്‍ മുറുകെപിടിച്ചു. ഇത് അവളുടെ മുറിയിലെ മേശപ്പുറത്ത് വയ്ക്കണം, അവളുടെ കണ്ണുകള്‍ എപ്പോഴും ഇവയില്‍ ചുറ്റിത്തിരിയണം. വിഷാദരോഗത്തിനടിമപ്പെടും‌മുന്‍പ് അവള്‍ക്ക് അനിരുദ്ധനോട് പുച്ഛമായിരുന്നു. ശ്വാസം‌പിടിച്ച് എന്തെങ്കിലുമൊന്ന് സംസാരിയ്ക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും തലവെട്ടിച്ച് അവള്‍ കടന്നുകളയും. എങ്കില്‍‌പോലും അവളറിയാതെ അവള്‍ക്ക് ചുറ്റും ഒരു പരുന്തിനെപ്പോലെ വട്ടമിട്ട് പറന്നിരുന്നു അയാള്‍. അവര്‍ക്കിടയില്‍ റോയ് കടന്നുവരും‌വരെ. മുന്തിയതരം വസ്ത്രങ്ങളോ ജാടകളോ ഇല്ലാത്തവനു വേണ്ടി അവള്‍ സമയം കണ്ടെത്തുന്നതില്‍ എപ്പോഴും അയാള്‍ക്ക് അമര്‍ഷമായിരുന്നു.റോയ് വളരെ വേഗം മൈഥിലിയുടെ പ്രിയപ്പെട്ട കൂട്ടുകാരനായി. ഒന്നിച്ചുള്ള നടത്തം, പഠനം, ലാബിലെ സല്ലാപങ്ങള്‍ തുടങ്ങി അനിരുദ്ധന്റെ നിയന്ത്രണം തെറ്റിക്കുന്ന എല്ലാം അവള്‍ തുടങ്ങി വച്ചു.

കഴിഞ്ഞവര്‍ഷത്തെ ഏപ്രിലും ഇതുപോലെ മനോഹരിയായിരുന്നു. കൊന്നകളുടെ കിങ്ങിണികള്‍ ക്യാമ്പസില്‍ സ്വര്‍ണം തളിച്ചു. ഉച്ചയ്ക്ക് ശേഷം റോയ് എവിടെ എന്ന മൈഥിലിയുടെ ചോദ്യത്തിനുത്തരമായി അവള്‍ക്ക് മെന്‍’സ് ഹോസ്റ്റലിലേക്കുള്ള വഴി പറഞ്ഞുകൊടുത്തത് ഏത് വികാരത്തിനടിമപ്പെട്ടാണെന്ന് ഇന്നും അനിരുദ്ധനറിയില്ല. ഹോസ്റ്റലില്‍ ആ സമയത്ത് തെരുവുഗുണ്ടകളില്‍നിന്നും ഒട്ടും വ്യത്യസ്തരല്ലാത്ത ഒരു പറ്റം സീനിയര്‍ സ്റ്റുഡന്റ്സ് ചീട്ടുകളിയ്ക്കുന്നുണ്ടായിരുന്നെന്നറിഞ്ഞിട്ടും…

പിന്നീട് എല്ലാം കീഴ്മേല്‍ മറിഞ്ഞു. അവള്‍ മനസ്സിന്റെ സമനില തെറ്റി ഹോസ്പിറ്റലില്‍ ആയതിനൊപ്പം തന്നെ നിരവധി സമരങ്ങള്‍, സസ്പെന്‍ഷനുകള്‍. ആരോടും പറയാതെ നാടുവിട്ടുപോയ റോയ് ഇന്നുവരേയ്ക്കും തിരിച്ചെത്തിയതുമില്ല. ക്യാമ്പസ് ഒരു പ്രേതാലയം പോലെ മൂകമായി. പടര്‍ന്നിറങ്ങിയ ബോഗന്‍‌വില്ലകള്‍ക്ക് കീഴെ സൊറ പറയാന്‍ ആരുമില്ലാതെ. വിഷാദത്തിന്റെ കനപ്പെട്ട ഒരു വിറങ്ങലിപ്പ് ആ വര്‍ഷം മുഴുവനും അവിടെ തളംകെട്ടി.
ഓര്‍മ്മകളുടെ ഇരമ്പലില്‍ അയാള്‍ കിതച്ചു. ഇപ്പോള്‍ അവള്‍ തന്റേത് മാത്രമാണെന്ന് അയാളുടെ മനസ്സിലെ ഏതോ പിശാച് അഹങ്കാരത്തോടെ ഊറ്റംകൊണ്ടു. താന്‍ മാത്രമാണ്‌ അവളെ സ്ഥിരമായി സന്ദര്‍ശിക്കുന്നതും. അവള്‍ പഴയതൊക്കെ മറന്നതില്‍ നിഗൂഢമായൊരു സന്തോഷം അയാളുടെ ചുണ്ടില്‍ വക്രിച്ച ഒരു ചിരി സമ്മാനിച്ചു. മൈഥിലിയുടെ വീട്ടിലേയ്ക്കുള്ള ഒതുക്കുകല്ലുകള്‍ അയാളുടെ കാല്‍ക്കീഴില്‍ അമര്‍ന്നു.

 ചുവരിലെ ഒരു ബിന്ദുവില്‍ ഇമവെട്ടാതെ നോക്കിയിരിയ്ക്കുകയാണ്‌ അവള്‍. അടക്കാനാവാത്ത സ്നേഹത്തോടെ അയാള്‍ അവളുടെ പേരുവിളിച്ചു. അവള്‍ ദൃഷ്ടി മാറ്റിയതേയില്ല.  ചുവരിന്റെ ഓരം ചേര്‍ന്ന് വരിവരിയായി നീങ്ങുന്ന ഉറുമ്പുകള്‍ അവളുടെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുവച്ചിരിയ്ക്കയാണ്‌. വിളര്‍ത്തുമെലിഞ്ഞ കൈകളില്‍ ഒരു കൈലേസ് മുറുകെപ്പിടിച്ചിരിയ്ക്കുന്നു. അമ്മയാകട്ടെ പലവുരു പറഞ്ഞ രോഗവിവരണം അയാള്‍ക്കുവേണ്ടിയും  ആവര്‍ത്തിച്ചു.

അല്പസമയം കഴിഞ്ഞ് അയാള്‍ ഇളം നീല നിറത്തിലുള്ള സ്ഫടികത്തില്‍ തീര്‍ത്ത പൂക്കള്‍ മേശപ്പുറത്ത് വച്ചു. അവളുടെ കണ്ണുകളില്‍ അതേ അപരിചിതത്വം.  വീണ്ടുംവരാമെന്ന ഉറപ്പിന്‍‌മേല്‍ അനിരുദ്ധന്‍ പോകാനൊരുങ്ങി. സ്ഥിരമായി വന്നു കാണുമ്പോള്‍തന്റെ മുഖം അവളുടെ മനക്കണ്ണാടിയില്‍ തെളിയുമെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു. വാതില്‍ക്കല്‍നിന്ന് അവളെ ഒന്നു തിരിഞ്ഞുനോക്കി  നടക്കാനൊരുങ്ങിയതും, ഒരു മൂളലോടെ എന്തോ ഒന്നു പറന്നുവന്ന് അയാളുടെ തോളില്‍‌ത്തട്ടി മുന്നില്‍‌വീണ്‌ ഉടഞ്ഞുചിതറി. കരുതലോടെ അവള്‍ക്ക് നല്‍കിയ ഇളം നീല ഗ്ലാസ് പൂക്കള്‍..

ആ കണ്ണുകളിലേയ്ക്ക് നോക്കാന്‍ ഭയപ്പെട്ട് അയാള്‍ വേഗം പടികളിറങ്ങി.
 

ഇഷ്ടം.

Posted in Uncategorized on September 16, 2007 by chilamp

“ഒഴുക്കിലെ പൊങ്ങുതടിയാണു നീ”
യെന്നൊരുവള്‍,
എപ്പോള്‍ എങ്ങോട്ട്
എന്നൊരുപിടിയുമില്ല..
ചിലപ്പോള്‍ തീരങ്ങളില്‍,
അല്ലെങ്കില്‍ അഴിമുഖത്തേക്ക്,
വീണ്ടും,
ചുഴികളില്‍,
അല്ലെങ്കില്‍ അകലേയ്ക്ക്.

ശരിയാണ്‌,
എനിയ്ക്ക് ചങ്ങലകള്‍
വേണ്ട,
സ്നേഹത്തിന്റേത് ഒരിയ്ക്കലും വേണ്ട.
അതില്‍ മുഴുവനും
സ്വാര്‍ത്ഥതയുടെ
കണക്കുകളാണ്..
എനിയ്ക്കായ് ചെയ്തതും
നിനക്കായ് ചെയ്യാത്തതുമായ
പലയിനം പട്ടിക.

എനിയ്ക്ക് ഒരു ജയിലും
ഇഷ്ടമല്ല,
സ്നേഹത്തിന്റേത് ഒരിയ്ക്കലും.
കുന്നിന്‍ ചെരുവില്‍
സൂര്യനുദിക്കുമ്പോള്‍
ആ ചുവപ്പില്‍ വെറുതെയിരുന്ന്,
ഒരു പുല്‍നാമ്പ്
കടിച്ചുതുപ്പി,
തുമ്പികളുടെ സല്ലാപം
ആവോളം കണ്ട്,
താഴെ പുഴയിലൊഴുകുന്ന
അരളിപ്പൂങ്കുലകള്‍
വിരല്‍ നിവര്‍ത്തിയെണ്ണി
വെറുതെയിരിക്കാനാണ്‌
എനിക്കിഷ്ടം..
ഒരു ചങ്ങലയുമില്ലാതെ.
 

സെമിത്തേരിയിലെ പകലറുതികള്‍.

Posted in Uncategorized on September 15, 2007 by chilamp

സുഖകരമായ പകലുകള്‍ക്ക്
കൂടൊരുക്കി,
മാടിവിളിക്കുന്നത്
എന്നും സെമിത്തേരിയാണ്‌.

പാഴ്വാക്കുകളും പഴികളുമില്ലാതെ
അസഭ്യങ്ങളുടെ
തോരാമഴയില്ലാതെ,
ആത്മാവുകള്‍ സം‌വദിക്കുന്നത്..
ഇരു ചെവിയും തുറന്നുവച്ച്
മിഴിപൂട്ടിയിരിയ്ക്കുമ്പോള്‍‍,
ഒരു പെണ്‍‌കുട്ടിയുടെ
മൃദുവായ കാലടിയൊച്ച പോലെ,
ചുറ്റിലും നിറയുന്നു.
ആരോ കൊണ്ടുവന്ന
ഒരുപിടി പൂക്കളും.

സുഖകരമായ പകലറുതിയ്ക്ക്,
നിഗൂഢമായൊരു ശാന്തതയുടെ
പുതപ്പ് നിവര്‍ത്തുന്നതും
സെമിത്തേരിയാണ്‌..

കനത്തൊരു നിശ്ശബ്ദതയുടെ
മൂടല്‍മഞ്ഞ്,
ഇരവിന്റെ വരവറിയിച്ച്
ചൂഴ്ന്നുനില്‍ക്കുന്നു.
ആരുമെടുക്കാതെ,
വാടിപ്പോയ പൂക്കള്‍ക്ക്
കരിഞ്ഞ മണം ..
ചീവീടുകള്‍ പോലും
നിശ്ശബ്ദമായ സന്ധ്യ.
സൂര്യന്റെ
അവസാനത്തെ ചുവപ്പ്,
മാര്‍ബിള്‍ കല്ലറകളില്‍
തട്ടിത്തെറിക്കുന്നു..

സെമിത്തേരിയില്‍ ഇനി
രാത്രിയുടെ യാമങ്ങളാണ്‌.
 

ശിശിരം.

Posted in Uncategorized on September 15, 2007 by chilamp

ശൈത്യകാലത്തിന്റെ
പടിക്കെട്ടിനുള്ളില്‍
വിദൂരനക്ഷത്രങ്ങള്‍,
കണ്ണടച്ചിരുന്ന രാത്രിയില്‍,
എരിയുന്ന കനലുകള്‍ക്കരികെ,
തുടുത്ത കവിളുകളോടെ,
ഗിത്താറില്‍,
അക്ഷമനായി നീ മീട്ടിയ രാഗം,
ഏത് പെണ്‍കൊടിയ്ക്കാണ്‌.

ഏതൊരു പെണ്‍കിടാവാണ്‌,
അതിന്റെ ഈണം,
മൂളിയിട്ടും,കേട്ടിട്ടും
മതിവരാതെ
നിന്റെ കൈവിരല്‍
തൊടുവാന്‍,
തണുപ്പിന്റെ സൂചിമുനകളെ
കിതപ്പിന്റെ ചൂടില്‍ കൊരുത്ത്
കാതങ്ങളോളം അലഞ്ഞ്
നിന്റെ അരികില്‍ വന്നത്..

അവളുടെ ചുണ്ടുകള്‍,
വിളര്‍ത്തും, മിഴികള്‍
ക്ഷീണിച്ചുമിരുന്നു.
എങ്കിലും
പ്രിയപ്പെട്ട ഗിത്താര്‍ വായനക്കാരാ
ഇനിയും,അപൂര്‍‌വരാഗങ്ങള്‍
അവള്‍ക്കായി മാത്രം
മീട്ടുക.
ശിശിരത്തിന്റെ വിരസതയില്‍
പ്രണയത്തിന്റെ പൂക്കള്‍ നിറയട്ടെ..

ജന്മം.

Posted in Uncategorized on September 10, 2007 by chilamp

കരിമഷിക്കണ്ണില്‍

 കലങ്ങിത്തെളിഞ്ഞും,

തെളിയാതുഴറിപ്പരന്നും

നോവിന്റെ,

കാണാത്ത ചീളുകള്‍.

ഒരുവേള,നീളു-

 മിരുട്ടിന്റെ നാവില്‍,

ഉറയുന്ന മൗനം കുടിച്ചും

അലറുന്ന കടലിന്റെ,

യരികേയിരുന്നൊരു,

ചിരിയുടെ കാളിമയോര്‍ത്തും..

വെറുതേ നടക്കാം, സഖേ,

ജന്മമിങ്ങനെ

പല പല ഭാവസമ്മിശ്രം.