സഹോദരിയ്ക്ക്.
ചോരപ്പാടുവീണ
തിരുവസ്ത്രത്തിന്റെ തടവില്‍ നിന്നും,
സ്വര്‍ഗത്തിന്റെ പടിചവിട്ടിയ
മാലാഖക്കുഞ്ഞിന്..
മുറിയാത്ത മൗനവ്രതങ്ങളും,
എണ്ണമറ്റ കുര്‍ബാനകളും
മരണത്തിന്റെ വെയില്‍ച്ചൂടില്‍
നിനക്കായൊരു
തണല്‍ തരാതെപോയതും
പിശാചിന്റെ ഗര്ജ്ജനങ്ങളീല്
ഭയന്ന്, നിന്റെ
കണ്ഠനാളത്തില്‍ പിടഞ്ഞുയര്‍ന്ന
നേര്‍ത്ത കിളിയൊച്ചകള്‍
അരമനകളിലെത്തുംമുന്പേ
തളര്ന്നൊതുങ്ങിയതും
ഇരുളിലൊരു കിണറിന്റെ,
തണുത്ത ഗര്‍ഭാശയത്തില്‍,
ചേതനയടരാനൊരുങ്ങവേ
നീ അലറിക്കരഞ്ഞതും
നിയമത്തിന്റെ തുലാസുകള്‍
അറിയാതെ പോയെന്നോ..
എന്റെ സഹോദരി..
കുരിശിലേറിയവന്റെ
മണവാട്ടിയുമായവളെ,
കപടസദാചാരത്തിന്റെ
കാവലാളുകള്‍ക്ക്
നിന്റെ സ്വപ്ങ്ങളും
ശുദ്ധിയും മനസ്സിലാകാതെപോയി.
ഈ ഹൃദയത്തിന്റെ
ഉള്ളറകളിലെന്നും
നീ നിറഞ്ഞുനില്ക്കട്ടെ..
മനസ്സ് മരവിക്കാത്തവര്‍
ഇനിയും, ഒന്നിച്ച്
നിനക്കായ് ശബ്ദമുയര്ത്തട്ടെ..
September 19, 2007 at 5:02 am
“ഈ ഹൃദയത്തിന്റെ
ഉള്ളറകളിലെന്നും
നീ നിറഞ്ഞുനില്ക്കട്ടെ…”
നല്ല വരികള്‍!
September 19, 2007 at 6:22 am
നന്നായിരിക്കുന്നു.
കവിത വായിച്ചപ്പോള്‍ ഒരു ആനുകാലിക സംഭവം ഓര്‍മ്മയില്‍ വന്നു.
അതേ മനസ്സ് മരവിക്കാത്തവര്‍
ഇനിയും, ഒന്നിച്ച്
നിനക്കായ് സബ്ദമുയര്ത്തട്ടേ…
അടുത്തസമയത്ത് വായച്ച കവിതയില്‍
ഏറ്റവും മികച്ചത്. ഒരുപക്ഷെ അര്‍ത്ഥം
മനസ്സിലായഥിനാല് ആയിരിക്കും…!
September 19, 2007 at 10:29 am
ആരും പറയാത്ത, അല്ലെങ്കില്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍!! അതു കൊണ്ടു തന്നെ, ചിലമ്പിന്റെ ശ്രമങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നു. കവിതയുടെ സൌന്ദര്യമല്ല, മറിച്ച് അതുയര്‍ത്തുന്ന ചോദ്യങ്ങളും വികാരങ്ങളുമാണ് ഇതിനെ പ്രസക്തമാക്കുന്നത് എന്നാണെനിക്കു തോന്നുന്നത്.
‘ചിലമ്പിന്റെ ശബ്ദം’ വെളിച്ചവും വായുവും കടക്കാത്ത അരമനകളുടെ അകത്തളങ്ങളില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുകയില്ലെങ്കിലും, അരമന വാഴുന്നോരുടെ രാവുകളില്‍ അലോസരമുണ്ടാക്കാന്‍ അതു മതിയായിരിക്കും.
ഒരിക്കലൂടെ അഭിനന്ദനങ്ങള്‍!!